*മണൽ വിതറി മത്സ്യവില്‍പ്പന; മാർക്കറ്റിൽ അമോണിയം കലർന്ന മീൻ, നശിപ്പിച്ചത് ഒന്നും രണ്ടുമല്ല, 288 കിലോ*

 വിവിധ ഇടങ്ങളിലായി മത്സ്യ മാർക്കറ്റുകളിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീനുകളിൽ അമോണിയയുടെ സാന്നിധ്യം കണ്ടെത്തി. 288 കിലോ അമോണിയ കലര്‍ന്ന മത്സ്യമാണ് കണ്ടെത്തി നശിപ്പിച്ചത്. വർക്കല സർക്കിൾ, ചിറയിൻകീഴ് സർക്കിൾ, ആറ്റിങ്ങൽ സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത്, വർക്കല നഗരസഭ ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

നാവായിക്കുളം ഇരുപതിയെട്ടാം മൈലിൽനിന്ന് 95 കിലോ, കല്ലമ്പലം മത്സ്യ മാർക്കറ്റിൽ നിന്ന് 103 കിലോ, വർക്കല പുന്നമൂട് മത്സ്യ മാർക്കറ്റിൽ നിന്ന് 90 കിലോ മത്സ്യം ആണ് പിടികൂടിയത്. പരിശോധനയ്ക്കിടെ വില്‍പ്പനക്കാര്‍ അമോണിയ കലർന്ന മത്സ്യം മാർക്കറ്റിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് പൊലീസ് ഇടപെട്ട് തടഞ്ഞു. തുടർന്ന് പൊലീസിന്‍റെ സാന്നിധ്യത്തിലാണ് മത്സ്യങ്ങൾ നശിപ്പിച്ചത്. മണൽ വിതറി മത്സ്യം വിൽപ്പന നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് വർക്കല സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. പ്രവീൺ പറഞ്ഞു.