സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക; ഓൺലൈൻ തട്ടിപ്പ് സംഘം തിരുവനന്തപുരത്തും

കേട്ടുമറന്ന തട്ടിപ്പ് രീതി തിരുവനന്തപുരത്ത് വീണ്ടും പുനരാരംഭിച്ചു. സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നതിനും വിൽക്കുന്നതിനും സാധാരണയായി ഉപയോഗിക്കുന്ന OLX ഉൾപ്പെടെയുള്ള ഓൺലൈൻ സൈറ്റുകളിൽ തട്ടിപ്പ് സംഘം വലവീശി കഴിഞ്ഞു.തിരുവനന്തപുരം പാങ്ങോട് മിലിറ്ററി ക്യാമ്പിലെ പട്ടാളക്കാരൻ ഉപയോഗിച്ച വാഹനം ആണ് എന്ന രീതിയിൽ വാഹനം വിൽക്കുവാനുള്ള പരസ്യം ചെയ്യുകയും ക്യാമ്പിൽ കൊറോണ ആയതിനാൽ നേരിൽ കാണാൻ കഴിയില്ല എന്നും അക്കൗണ്ട് വഴി പണം അയച്ചാൽ ആർമി പാഴ്സൽ സർവീസ് വഴി വാഹനം വീട്ടിലെത്തിക്കും എന്നു പറഞ്ഞ് പണം തട്ടുന്ന രീതിയാണ് ഇപ്പോൾ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നത്.
വിശ്വസിപ്പിക്കാൻ ആർമി ക്യാമ്പിനുള്ളിലെ ചിത്രങ്ങളും വാഹനം പാഴ്സൽ ചെയ്യുവാൻ ഒരുക്കിവെച്ചിരിക്കുന്ന ചിത്രങ്ങളും അയച്ച് തട്ടിപ്പ് സംഘം വിശ്വാസ്യത നേടുകയും ചെയ്യും.
പാഴ്സൽ അയയ്ക്കുവാനും വാഹനത്തിൻ്റെ രജിസ്ട്രേഷൻ നടപടികൾക്കും എന്ന വ്യാജേന പാൻ കാർഡ് ,ആധാർ ഉൾപ്പെടെയുള്ള രേഖകൾ വാങ്ങുകയും ചെയ്യും. ഇത് ഭാവിയിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ദുരുപയോഗപ്പെടുത്തിയേക്കാം ഇത്തരം തട്ടിപ്പ് സംഘങ്ങൾ പല പേരുകളിലായി പല വാഹനങ്ങളുടെ പരസ്യങ്ങൾ പല ഓൺലൈൻ സൈറ്റുകളിലും ആയി പരസ്യപ്പെടുത്തിട്ടുണ്ട്. ഇത്തരം സൈറ്റുകളിലൂടെ വാങ്ങുന്ന വാഹനങ്ങൾ നേരിൽകണ്ട് മാത്രം പണം കൈമാറുകയും ആധാറും പാൻ കാർഡും ഉൾപ്പെടെയുള്ള രേഖകൾ വാട്സാപ്പ് വഴി അയച്ചു കൊടുക്കാതിരിക്കുകയും ചെയ്യുക