നാളെ തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. ഗവർണർക്കെതിരെ പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ ആർ.എസ്.എസ് യുവമോർച്ച ഗുണ്ടകൾ അക്രമിച്ചു എന്ന് ആരോപിച്ചാണ് ജില്ലയിൽ വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.ഇന്ന് വൈകീട്ട് കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച് ഗവർണർ പങ്കെടുത്ത പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബചിത്രം വച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. എസ്.എഫ്.ഐ, കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ച് രജിസ്ട്രാറും ചിത്രം മാറ്റണമെന്ന നിലപാടെടുത്തു. അടിയന്തര സിൻഡിക്കേറ്റ് യോഗം ചേർന്ന് പരിപാടി റദ്ദാക്കിയതായി അറിയിപ്പ് വന്നു.എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് രാജ്ഭവൻ നിലപാടെടുത്തതോടെ സംഘർഷം ആരംഭിച്ചത്.അതേസമയം, പ്രതിഷേധം തുടരുന്നതിനിടെ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ യോഗ വേദിയിൽ എത്തി. വിവാദ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. പ്രസംഗത്തിനിടെ പ്രതിഷേധക്കാർക്ക് നേരെ രൂക്ഷ വിമർശനവും അദ്ദേഹം നടത്തിയിരുന്നു. അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്നതാണ് പ്രതിഷേധം എന്നാണ് ഗവർണർ പരാമർശിച്ചത്. പിന്നീട് പരിപാടികഴിഞ്ഞ ഉടനെ പുറകുവശം വഴിയാണ് ഗവർണർ തിരികെ മടങ്ങിയത്.