സുപ്രീം കോടതിയിൽ സംഭവിച്ചത്
സുപ്രീം കോടതയിലെ ഇന്നത്തെ വാദത്തിനിടെ, കമ്മീഷന്റേത് അധികാരപരിധി ലംഘിച്ചുള്ള ഇടപെടലാണെന്നും സുതാര്യതയില്ലാത്ത തീരുമാനങ്ങൾ കാരണം രാജ്യം കത്തുകയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ജഡ്ജിമാർക്ക് പോലുമില്ലാത്ത പരിരക്ഷയാണ് 2023 ലെ നിയമഭേദഗതിയിലൂടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നൽകിയിട്ടുള്ളതെന്ന് അഭിഭാഷകർ ആരോപിച്ചു. കമ്മീഷൻ പുറത്തിറക്കിയ വാർത്താക്കുറിപ്പുകൾ തന്നെ കൂട്ടായ തീരുമാനമല്ല ഇതെന്നതിന് തെളിവാണെന്നും ഹർജിക്കാർ വാദിച്ചു. കേരളത്തിലെ കേസും വാദത്തിനിടെ പരാമർശവിധേയമായി. ഇതോടൊപ്പം, എസ് ഐ ആർ മരവിപ്പിക്കണമെന്ന ആവശ്യവും കോടതിയുടെ പരിഗണനയ്ക്ക് വന്നിട്ടുണ്ട്.
ഇടക്കാല ഉത്തരവില്ല
അതേസമയം കേസിൽ അടിയന്തര ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹർജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല. ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജിയിലെ പ്രധാന ആവശ്യവും കോടതി അംഗീകരിച്ചില്ല. അത്തരം നടപടികൾ ഉണ്ടായാൽ രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ആര് നടത്തുമെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന ഇടക്കാല ഉത്തരവിനും കോടതി തയ്യാറായില്ല. നിലവിലെ പ്രധാന രേഖകൾ ഒന്നും നശിക്കപ്പെടരുതെന്ന് നിർദ്ദേശിച്ച സുപ്രീം കോടതി, കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കാനായി മാറ്റി. എസ് ഐ ആറിലടക്കം ഇത് അതീവ നിർണായകമാണ്.