സമരച്ചൂടിൽ രാജ്യതലസ്ഥാനം, ഗ്യാനേഷിനെതിരായ ഇന്ത്യ സഖ്യത്തിന്റെ മാർച്ച് തടഞ്ഞ് പൊലീസ്; ബാരിക്കേഡിന് മുകളിൽ കയറി ദേശീയ പതാക വീശി രാഹുലും പ്രിയങ്കയും

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യ എംപിമാരുടെ സമരച്ചൂടിൽ തിളച്ച് മറിഞ്ഞ് ദില്ലി. തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് സമീപം ആകാശവാണി ഭവന് മുന്നിൽ മാർച്ച് പൊലീസ് തടഞ്ഞു. പിന്നാലെ ബാരിക്കേഡിന് മുകളിൽ കയറി രാഹുലും പ്രിയങ്കയും ദേശീയ പതാക വീശി. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസിന്‍റെ നീക്കം. എന്നാല്‍, ഗ്യാനേഷ് കുമാർ രാജി വെക്കുന്നത് വരെ പിന്നോട്ടില്ലെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ പ്രഖ്യാപനം.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഗാന്ധി ജയന്തി ദിനത്തിൽ തുടങ്ങിയ പ്രക്ഷോഭം അഞ്ചാം നാളിലേക്ക് കടക്കുമ്പോൾ കൂടുതൽ ശക്തമാകുകയാണ്. ഇന്നലെ വലെ രാജ്യ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധമെങ്കിൽ ഇന്ന് മുതൽ കോൺഗ്രസും ഇന്ത്യ സഖ്യവും ഒന്നാകെ നേതൃത്വം വഹിക്കുന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കാണ് ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഖർഗെ, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്തിലെ മാർച്ചില്‍ ബിജു ജനതാദളും അഖിലേഷ് യാദവും പങ്കെടുത്തു.