ജീവപര്യന്തം തടവുകാരെ സ്വന്തം ഫ്ലാറ്റ് വൃത്തിയാക്കാൻ കൊണ്ടുപോയ ജയിലർ കസ്റ്റഡിയിൽ

ജീവപര്യന്തം തടവുകാരെ സ്വന്തം ഫ്ലാറ്റ് വൃത്തിയാക്കാൻ കൊണ്ടുപോയ ജയിലർ കസ്റ്റഡിയിൽ

കേസിൽ പ്രതിയായ ദിവ്യ ചൗധരിയെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
അജ്മീർ സെൻട്രൽ ജയിലിലെ രണ്ട് വനിതാ തടവുകാരെ അനുമതിയില്ലാതെ സ്വന്തം ഫ്ലാറ്റിലെത്തിച്ച് ശുചീകരണജോലികൾ ചെയ്യിപ്പിച്ചെന്ന കേസിൽ, സസ്പെൻഷനിലായ ജയിൽ ഉദ്യോഗസ്ഥയെ രണ്ട് മാസത്തോളം നീണ്ട ഒളിവിനുശേഷം കോട്ടയിൽനിന്ന് അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
കേസിൽ പ്രതിയായ ദിവ്യ ചൗധരിയെ ബുധനാഴ്ച അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി അവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ദിവ്യ നേരത്തേ സസ്പെൻഷനിലായിരുന്നു.
കൊലപാതകക്കേസുകളിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന കിരൺ, സന എന്നീ രണ്ട് വനിതാ തടവുകാരെ 2023 ജൂലൈ 12ന് കോടതിയുടെ അനുമതിയില്ലാതെയും ജയിൽ രേഖകളിൽ രേഖപ്പെടുത്താതെയും സ്വകാര്യ വാഹനത്തിൽ ജയിലിന് പുറത്തേക്ക് കൊണ്ടുപോയെന്നാണ് ദിവ്യക്കെതിരായ ആരോപണം. അജ്മീറിലെ എആർജി സിറ്റിയിലുള്ള ദിവ്യയുടെ സ്വകാര്യ ഫ്ലാറ്റിലെത്തിച്ച തടവുകാരെക്കൊണ്ട് അവിടെ ശുചീകരണജോലികൾ ചെയ്യിപ്പിച്ചെന്നും ഡിഎസ്പി (നോർത്ത്) ശിവം ജോഷി പറഞ്ഞു.
സംഭവത്തിൽ ഓഗസ്റ്റ് 5ന് സിവിൽ ലൈൻസ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതേത്തുടർന്ന് ദിവ്യ ചൗധരിയെയും ജയിൽ ഗാർഡായ സോണിയ ചൗധരിയെയും സസ്പെൻഡ് ചെയ്തു.
സാങ്കേതിക തെളിവുകളുടെ സഹായത്തോടെ ദിവ്യയുടെ ഒളിത്താവളം കണ്ടെത്തിയ പോലീസ്, കോട്ടയിലെ ഒരു താമസസമുച്ചയത്തിലെ ഫ്ലാറ്റിൽനിന്നാണ് അവരെ അറസ്റ്റ് ചെയ്തതെന്ന് ശിവം ജോഷി വ്യക്തമാക്കി.
തടവുകാരെ ജയിലിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ പ്രധാന കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാർ എതിർത്തപ്പോൾ ദിവ്യയും സോണിയയും അവരെ ഭീഷണിപ്പെടുത്തിയതായും പോലീസ് ആരോപിച്ചു. പിന്നീട് തടവുകാരെ ജയിലിലേക്ക് തിരിച്ചെത്തിക്കുകയും സംഭവത്തെക്കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.കേസിലെ മറ്റൊരു പ്രതിയായ സോണിയ ചൗധരി ഒളിവിലാണ്. ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.