143 പന്തുകൾ നേരിട്ട ഷായ് ഹോപ് മൂന്ന് സിക്സുകളും 17 ഫോറുകളുമായി 162 റൺസെടുത്തു പുറത്താകാതെനിന്നു. വിൻഡീസ് ബാറ്റർ ആമിർ ജാങ്കൂ അർധ സെഞ്ചറി നേടി. 56 പന്തുകൾ നേരിട്ട താരം 67 റൺസാണെടുത്തത്. കീമോ പോൾ (35 പന്തിൽ 44), ഷെർഫെയ്ന്‍ റുഥർഫോഡ് (25 പന്തിൽ 24) എന്നിവരും മിന്നും പ്രകടനം നടത്തി. . ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, നമൻ ധീർ എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 351 റൺസെടുത്തത്. മത്സരത്തിൽ ഇന്ത്യയ്ക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ നായകൻ ഗില്ലും വിരാട് കോലിയും സ്കോർ ബോർഡിൽ വലിയ സംഭാവന നൽകാതെ വേഗം തന്നെ പവലിയൻ കയറി. കെഎൽ രാഹുലിന്റെ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് കരുത്തായത്. 87 പന്തുകൾ നേരിട്ട രാഹുൽ ആറു സിക്സുകളും 10 ഫോറുകളും ബൗണ്ടറി കടത്തി 129 റൺസുമായി പുറത്താകാതെനിന്നു. രോഹിത് ശർമ (85 പന്തിൽ 92), ഋതുരാജ് ഗെയ്ക്‌വാദ് (69 പന്തില് 57) എന്നിവർ അർധ സെഞ്ചറികൾ നേടി.