തിരുവനന്തപുരം: കേരളത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനം ആറിൽ നിന്ന് അഞ്ചാക്കി കുറയ്ക്കുന്ന കാര്യം സർക്കാർ വീണ്ടും പരിഗണിക്കുന്നു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് വിവിധ സർവീസ് സംഘടനകളുടെ യോഗം വിളിച്ചു ചേർത്തു.
കേന്ദ്ര സർക്കാർ ഓഫീസുകളിലും രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും നിലവിൽ അഞ്ച് ദിവസ പ്രവൃത്തി ആഴ്ചയാണ് ഉള്ളത്. അഞ്ച് ദിവസമാക്കുന്നതിലൂടെ വൈദ്യുതി, വെള്ളം, ഇന്ധനം, സ്റ്റേഷനറി എന്നിവയിലെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ആഴ്ചയിലെ പ്രവൃത്തി സമയം 42 മണിക്കൂറാണ്. ശനിയാഴ്ച കൂടി അവധിയാക്കിയാൽ 7 മണിക്കൂർ നഷ്ടമാകും. ഇത് പരിഹരിക്കാൻ ദിവസത്തെ പ്രവൃത്തി സമയം കൂട്ടാനാണ് ആലോചന. രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ അല്ലെങ്കിൽ 9.30 മുതൽ 5.30 വരെ ആക്കാനും ഉച്ചഭക്ഷണ ഇടവേള ഒരു മണിക്കൂറിൽ നിന്ന് 30 മിനിറ്റായി കുറയ്ക്കാനുമാണ് നിർദേശം.
എന്നാൽ ഈ പരിഷ്‌കാരത്തിന്റെ മറവിൽ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കരുതെന്നാണ് സർവീസ് സംഘടനകളുടെ നിലപാട്. 52 ദിവസം അധിക അവധി ലഭിക്കുമ്പോൾ കാഷ്വൽ ലീവ് 20 ദിവസത്തിൽ നിന്ന് കേന്ദ്ര മാതൃകയിൽ 8 ദിവസമാക്കാനും എർണ്ഡ് ലീവ് കുറയ്ക്കാനുമുള്ള നീക്കത്തോട് സംഘടനകൾ ശക്തമായ എതിർപ്പ് അറിയിച്ചു. കാഷ്വൽ ലീവ് വെട്ടിക്കുറയ്ക്കാൻ അനുവദിക്കില്ലെന്ന് അവർ യോഗത്തിൽ വ്യക്തമാക്കി.
അതേസമയം ആരോഗ്യ മേഖലയിൽ ഇത് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മുന്നറിയിപ്പുണ്ട്. മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും ശനിയാഴ്ചകളിൽ വൻ തിരക്കാണെന്നും അഞ്ച് ദിവസമാക്കിയാൽ ആ തിരക്ക് വെള്ളിയാഴ്ചയിലേക്ക് മാറുമെന്നും ഡോക്ടർമാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടി.