വർക്കലയിൽ യുവാവിന് നേരെ ക്രൂരമർദ്ദനം; കാർ അടിച്ചുതകർത്തതായി പരാതി

വർക്കല: തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനെത്തിയ യുവാവിനെ സംഘം മർദ്ദിക്കുകയും വാഹനം അടിച്ചുതകർക്കുകയും ചെയ്തതായി പരാതി. വർക്കല കരുനിലക്കോട് സ്വദേശി നിഖിലാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തെ തുടർന്ന് നിഖിൽ വർക്കല പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെ ഹോണ്ട അമേസ് കാറിൽ പുന്നമൂട്ടിലെ തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങിയ ശേഷം വാഹനം എടുത്ത് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്.
എതിർദിശയിൽ നിന്ന് അമിതവേഗത്തിൽ എത്തിയ ഓട്ടോറിക്ഷ നിഖിലിന്റെ കാറിന്റെ വലതുവശത്തെ ഡോറിൽ ഇടിച്ചുകയറിയതായാണ് പരാതി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന നാലംഗ സംഘം നിഖിലിനെ ക്രൂരമായി മർദ്ദിക്കുകയും കാറിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
സംഘം ലഹരിയിലായിരുന്നുവെന്നും നിഖിലിന്റെ മുതുകിൽ കമ്പി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.
സംഭവസമയത്ത് സമീപത്തുണ്ടായിരുന്ന നാട്ടുകാരെ സംഘം അസഭ്യം പറഞ്ഞതായും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചവരെ മർദ്ദിച്ചതായും നാട്ടുകാർ പറയുന്നു.
തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ സംഘം ഓട്ടോറിക്ഷയിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പരിക്കേറ്റ നിഖിലിനെ നാട്ടുകാർ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.