*പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്ക്; ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയിൽ*

 ഇന്ത്യയില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കേണ്ടത് ആവശ്യമാണെന്നും അതില്‍ അപകടസാധ്യതകളുണ്ടന്നും വിദഗ്ദ്ധര്‍. കഴിഞ്ഞ ദിവസം നടന്ന കോടതി നടപടിയില്‍ ഐ ടി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നു എന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടങ്ങുന്നതില്‍ നിന്ന് തടയുന്നതാണ് ഈ ഭേദഗതികള്‍.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആസ്ട്രേലിയയാണ് ഇത്തരം നിയന്ത്രണങ്ങള്‍ ആദ്യം നടപ്പിലാക്കിയത്. പതിനാറ് വയസ്സില്‍ താഴെയുള്ളവരുടെ അക്കൗണ്ടുകള്‍ തടയാന്‍ ഇന്‍സ്റ്റാഗ്രാം, എക്‌സ്, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും ആസ്ട്രേലിയ നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും സമാനമായ വിലക്കുകള്‍ നടപ്പിലാക്കി. യു കെ പോലുള്ള പല രാജ്യങ്ങളും ഉടന്‍ പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ഇത്തരം വിലക്കുകള്‍ പാസാക്കീട്ടുണ്ട്.

കൗമാരക്കാര്‍ക്കിടയിലുള്ള സോഷ്യല്‍ മീഡിയ ഉപയോഗങ്ങള്‍ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്ന ചര്‍ച്ചകള്‍ അവരുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്. പതിനഞ്ചിനും ഇരുപ്പത്തിനാലിനും ഇടയില്‍ പ്രായമുള്ളവരില്‍ സോഷ്യല്‍ മീഡിയയോടുള്ള അമിതാസക്തിയുണ്ടെന്ന് 2025-26ലെ സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടിയിരുന്നു. ഉത്കണ്ഠ, വിഷാദം, ആത്മവിശ്വാസക്കുറവ്, സൈബര്‍ ബുള്ളിയിംഗ് മൂലമുള്ള മാനസിക സമ്മര്‍ദ്ദം എന്നിവയുമായി സോഷ്യല്‍ മീഡിയയോടുള്ള അമിതാസക്തിക്ക് ശക്തമായ ബന്ധമുണ്ടെന്ന് ഈ സര്‍വേ വ്യക്തമാക്കുന്നു. ഈ ആശങ്കകള്‍ കാരണം ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ഉടമസ്ഥരായ മെറ്റ, കുട്ടികള്‍ക്ക് ദോഷകരമായി ബാധിക്കുന്നു എന്നാരോപിച്ച് അമേരിക്കയില്‍ മെറ്റക്കെതിരെ കേസ് ഫയല്‍ ചെയ്യുകയും 18 ബില്യണ്‍ ഡോളര്‍ നല്‍കാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തങ്ങള്‍ തെറ്റായൊന്നും ചെയ്തിട്ടില്ലെന്നാണ് മെറ്റയുടെ നിലപാട്.

കൗമാരക്കാരും കുടുംബങ്ങളും ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നത് താന്‍ കണ്ടിട്ടുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധനായ മുകുള്‍ കുമാര്‍ പറയുന്നു. ‘സൈബര്‍ ഭീഷണിപ്പെടുത്തല്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, കുട്ടികളെ ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന ഡിജിറ്റല്‍ അസുഖങ്ങളെല്ലാം വെറും സാങ്കല്‍പ്പികമായ അപകടസാധ്യതകളായിരുന്നില്ല.’ എന്ന് അദ്ദേഹം ഇന്ത്യ ടുഡേയോട് പറഞ്ഞു. സോഷ്യല്‍ മീഡിയ ഒരിക്കലും കുട്ടികളെ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തതല്ലെന്നും മുതിര്‍ന്നവര്‍ക്ക് രൂപകല്‍പ്പന ചെയ്ത ഒരു സംവിധാനത്തിലെ ഏറ്റവും ദുര്‍ബലരായ പങ്കാളികളാണ് കുട്ടികളന്നും അദ്ദേഹം പറഞ്ഞു.