*കാഥികൻ ഞെക്കാട് ശശി അന്തരിച്ചു*

 കല്ലമ്പലം.. പ്രമുഖ കാഥികൻ ഞെക്കാട് ശശി അന്തരിച്ചു.

 76 വയസ്സായിരുന്നു .

 സംസ്കാരം നാളെ (6. 10 .26 ) രാവിലെ 10 മണിക്ക് ഞെക്കാട് വീട്ടുവളപ്പിൽ .

 ഇന്നലെ രാത്രി 12 .30ന് ആലുവ രാജഗിരി ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
എറണാകുളത്ത് മകനോടൊപ്പമായിരുന്നു ഞെക്കാട് ശശി താമസിച്ചിരുന്നത് .

 ഇന്ന് വൈകിട്ടോടെ മൃതദേഹം വർക്കല ഞെക്കാട് വീട്ടിലെത്തിക്കും .

 കഥാപ്രസംഗം എന്ന ജനകീയ കല സജീവമായിരുന്ന കാലത്ത് ആ രംഗത്ത് നിറഞ്ഞുനിന്നിരുന്ന കാഥികനാണ് 
 ഞെക്കാട് ശശി.
 ജനകീയ അംഗീകാരം ലഭിച്ച നിരവധി കഥകൾ ശശി അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം കഥ പറഞ്ഞിട്ടുള്ള ശശി ജനങ്ങളുമായും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട കഥകൾ പറയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

 വളരെ ചെറുപ്പത്തിൽ തന്നെ കെ എസ് വൈ എഫ് എന്ന യുവജനപ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച ഞെക്കാട് ശശി ആ സംഘടനയുടെ ചിറയിൻകീഴ് താലൂക്ക് കമ്മിറ്റി അംഗമായി . ഡിവൈഎഫ്ഐ രൂപം കൊണ്ടത് മുതൽ അതിന്റെ താലൂക്ക് തല നേതാവായി മാറി ശശി .
 സിപിഎമ്മിന്റെ സജീവ പ്രവർത്തകനായിരുന്ന ഞെക്കാട് ശശി പാർട്ടിക്ക് വേണ്ടിയും കഥകൾ അവതരിപ്പിച്ച് ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു .

കേരള സംഗീത നാടക അക്കാഡമിയുടെ സംഗീത ഗുരുപൂജ പുരസ്കാരം കാഥികൻ ഞെക്കാട് ശശിക്ക് ലഭിച്ചിട്ടുണ്ട് .

 ഭാര്യയുടെ മരണത്തെ തുടർന്ന് എറണാകുളത്ത് മകനോടൊപ്പം താമസമാക്കിയ ഞെക്കാട് ശശി സമയം കിട്ടുമ്പോഴൊക്കെ നാട്ടിലെത്തി കഥാപ്രസംഗം അവതരിപ്പിക്കുമായിരുന്നു .

 നാട്ടിലെത്തുമ്പോൾ സുഹൃത്തുക്കളെ വിളിച്ചുകൂട്ടി കഥ പറയുവാനും സൗഹൃദം നിലനിർത്തുവാനും ശശി സമയം കണ്ടെത്തിയിരുന്നു .