നയാര പെട്രോളിയം ഇന്ധനവില കൂട്ടി; പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസൽ ലിറ്ററിന് മൂന്നുരൂപയുമാണ് നയാര കൂട്ടിയത്,

നയാര പെട്രോളിയം ഇന്ധനവില കൂട്ടി; പെട്രോൾ ലിറ്ററിന് അഞ്ചുരൂപയും ഡീസൽ ലിറ്ററിന് മൂന്നുരൂപയുമാണ് നയാര കൂട്ടിയത്, പെട്രോൾ ലിറ്ററിന് 118.91 രൂപയും ഡീസലിന് 105.44 രൂപയുമാണ് കൊച്ചിയിലെ പുതുക്കിയ വില 
സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചു. വാഹന ഉടമകൾക്ക് വലിയ തിരിച്ചടിയാകുന്ന തീരുമാനമാണ് കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. പെട്രോളിന് ലീറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് ഒറ്റയടിക്ക് കൂട്ടിയിരിക്കുന്നത്. പുതിയ നിരക്കുകൾ കമ്പനി പ്രാബല്യത്തിൽ വരുത്തിക്കഴിഞ്ഞു.


അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വങ്ങളാണ് വിലവർദ്ധനവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൂടാതെ, റഷ്യൻ ക്രൂഡോയിൽ വിതരണത്തിലുണ്ടായ അപ്രതീക്ഷിത വ്യതിയാനങ്ങളും തിരിച്ചടിയായി. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ തൽക്കാലം വില മാറ്റമില്ലാതെ നിലനിർത്തുകയാണ്. ഈ സാഹചര്യത്തിലാണ് സ്വകാര്യ മേഖലയിലെ പ്രമുഖരായ നയാര എനർജി ഒറ്റയ്ക്ക് വില കൂട്ടാൻ തീരുമാനിച്ചത്.

വിലവർദ്ധനവ് പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളമുള്ള നയാരയുടെ ഇന്ധന പമ്പുകളിൽ എത്തുന്ന ഉപഭോക്താക്കൾ ഇനി കൂടുതൽ തുക നൽകേണ്ടി വരും. ദിനംപ്രതി ഇന്ധനം നിറയ്ക്കുന്ന സാധാരണക്കാരെയും വാണിജ്യ വാഹന ഉടമകളെയും ഇത് കാര്യമായി ബാധിക്കും.

നിലവിൽ രാജ്യത്തുടനീളം അയ്യായിരത്തിലധികം പെട്രോൾ പമ്പുകളാണ് നയാര എനർജിക്ക് കീഴിൽ സജീവമായി പ്രവർത്തിക്കുന്നത്. അതിനാൽത്തന്നെ ഈ തീരുമാനത്തിന്റെ ആഘാതം വലിയൊരു വിഭാഗം ജനങ്ങളിലേക്ക് നേരിട്ടെത്തും.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനെത്തുടർന്നുണ്ടാകുന്ന കടുത്ത സാമ്പത്തിക നഷ്ടം നികത്താനാണ് ഇത്തരമൊരു നടപടിയെന്ന് കമ്പനി വക്താക്കൾ വിശദീകരിക്കുന്നു. വിപണിയിലെ നഷ്ടം തുടരാനാകാത്ത സാഹചര്യത്തിലാണ് വില പുതുക്കി നിശ്ചയിച്ചതെന്നും അവർ വ്യക്തമാക്കി.

സ്വകാര്യ കമ്പനിയുടെ ഈ പെട്ടെന്നുള്ള തീരുമാനം മറ്റ് ഇന്ധന വിതരണക്കാരെയും സമാനമായ വിലവർദ്ധനവിലേക്ക് നയിക്കുമോ എന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിൽ ശക്തമായിട്ടുണ്ട്. പൊതുമേഖലാ കമ്പനികൾ നിലവിലെ നിരക്കിൽത്തന്നെ ഇന്ധന വിതരണം തുടരുമോ അതോ വില കൂട്ടാൻ നിർബന്ധിതരാകുമോ എന്നാണ് വിപണി ഉറ്റുനോക്കുന്നത്.

അതേസമയം, റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ ഇറക്കുമതി കുറയ്ക്കാൻ ഇന്ത്യൻ കമ്പനികൾ. റഷ്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 100 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്ന യു.എസിന്റെ മുന്നറിയിപ്പിനെത്തുടർന്നാണ് നീക്കം. അതേസമയം, ഇറക്കുമതി പൂർണമായി നിർത്തിവെക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. എണ്ണവിലയും മറ്റ് രാജ്യങ്ങളിൽനിന്നുള്ള ലഭ്യതയും നിരീക്ഷിച്ചശേഷമായിരിക്കും തീരുമാനം.

സെപ്റ്റംബർ 18-നാണ് 'ലിൻഡ്സെ ഒ ഗ്രഹാം സാങ്ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്ട് ഓഫ് 2026' എന്ന നിയമത്തിൽ ട്രംപ് ഒപ്പുവെച്ചത്. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽനിന്നുള്ള ചരക്കുകൾക്കുമേൽ 100 ശതമാനം വരെ ഇറക്കുമതി തീരുവ (താരിഫ്) ചുമത്താൻ ഈ നിയമം അധികാരം നൽകുന്നു. നിയമം പാസാക്കി 30 ദിവസത്തിനുള്ളിൽ (ഒക്ടോബർ പകുതിയോടെ) രാജ്യങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കണം.

ഇന്ത്യൻ റിഫൈനറികളുടെ നിലപാട്: ഒക്ടോബർ വരെയുള്ള ക്രൂഡ് ഓയിൽ വിതരണം റിഫൈനറികൾ ഇതിനകം ഉറപ്പാക്കിയിട്ടുണ്ട്. 30 ദിവസത്തെ സമയപരിധി അവസാനിച്ചശേഷം അമേരിക്കയുടെ നീക്കം നോക്കിയശേഷമാകും കമ്പനികൾ നിലപാട് സ്വീകരിക്കുക.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഇന്ത്യയുടെ മൊത്തം ക്രൂഡ് ഇറക്കുമതിയുടെ 45 ശതമാനത്തോളം റഷ്യയിൽനിന്നായിരുന്നു. സെപ്റ്റംബറിലാകട്ടെ 34 ശതമാനമായി. റിഫൈനറികൾ നിലവിൽ ബാരലിന് 116 ഡോളർ നിരക്കിലാണ് ക്രൂഡ് വാങ്ങുന്നത്. ഐ.സി.ഇ. ബ്രെന്റിനേക്കാൾ ബാരലിന് എട്ട് ഡോളർ പ്രീമിയമുണ്ടെങ്കിലും റഷ്യൻ യൂറാൾസ് ക്രൂഡ് തന്നെയാണ് ഇപ്പോഴും വിപണിയിൽ ലാഭകരം.

റഷ്യൻ ക്രൂഡിന്റെ നിയന്ത്രണം തുടരുകയാണെങ്കിൽ ബദൽ മാർഗങ്ങൾ തേടാൻ കമ്പനികൾ നീക്കം തുടങ്ങിയിട്ടുണ്ട്. ഇറാഖ്, സൗദി അറേബ്യ, യു.എ.ഇ. എന്നീ രാജ്യങ്ങളിൽനിന്നാകും കൂടുതൽ എണ്ണ സംഭരിക്കുക. വെനസ്വേല, ബ്രസീൽ, ആഫ്രിക്ക, യു.എസ്. എന്നിവിടങ്ങളിൽനിന്ന് അധിക എണ്ണ കണ്ടെത്താനും ശ്രമം നടത്തും.

യു.എസ്. താരിഫ് ഭീഷണി നിലനിൽക്കുന്നുണ്ടെങ്കിലും ഊർജ സുരക്ഷ മുൻനിർത്തി ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കം. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി പൂർണമായി ഉപേക്ഷിക്കാതെതന്നെ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നും മറ്റ് വിപണികളിൽനിന്നും കൂടുതൽ എണ്ണ സംഭരിച്ച് തന്ത്രപരമായ സന്തുലിതാവസ്ഥ പാലിക്കാനാണ് കമ്പനികളുടെ ശ്രമം.