വർക്കലയിൽ മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്ന സ്ത്രീയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി അപമാനിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

വർക്കല: മാനസികാരോഗ്യ ചികിത്സയിൽ കഴിയുന്ന സ്ത്രീയെ പൊതുവഴിയിൽ തടഞ്ഞുനിർത്തി വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി അപമാനിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വർക്കല സ്വദേശികളായ നൗഷാദ്, ജയൻ എന്നിവരാണ് അറസ്റ്റിലായത്. 

​ഒക്ടോബർ 7-ന് പുലർച്ചെ 5.30-ഓടെയാണ് സംഭവം. പൊതുവഴിയിലൂടെ നടന്നുപോയ സ്ത്രീയെ പ്രതികൾ ഇരുവരും ചേർന്ന് തടഞ്ഞുനിർത്തുകയും, മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ ധരിച്ചിരുന്ന വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതികളുടെ അതിക്രമത്തെ സ്ത്രീ ശക്തമായി എതിർത്തതോടെ ഇരുവരും ചേർന്ന് അസഭ്യം പറയുകയും ചെയ്തു. 

​സംഭവത്തെ തുടർന്ന് കടുത്ത മാനസിക വിഷമത്തിലും ഭയത്തിലുമായ സ്ത്രീ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.