‘ആദ്യം ലഭിച്ച 57 മാർക്ക് പുനർമൂല്യനിർണയത്തിൽ 80ൽ 80 ആയി’; ഫലം വൈകിയത് കാരണം കരിയർ നഷ്ടം; വിദ്യാർഥിനിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

മൂവാറ്റുപുഴ: പ്ലസ്‌ടു പരീക്ഷാ മൂല്യനിർണയത്തിൽ അധ്യാപകർ വരുത്തിയ പിഴവും പുനർമൂല്യനിർണയ ഫലം വൈകിയതും കാരണം ആഗ്രഹിച്ച കരിയർ നഷ്ടപ്പെട്ട വിദ്യാർഥിനിക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്‌ടർ, റീജനൽ ഡപ്യൂട്ടി ഡയറക്‌ടർ എന്നിവർ പിഴത്തുകയും കോടതിച്ചെലവും നൽകാനാണ് മൂവാറ്റുപുഴ മുൻസിഫ് കോടതി നിർദേശിച്ചത്. തൃക്കളത്തൂർ പണിക്കൊടിയിൽ സ്നേഹമോൾ മണിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ നിയമപോരാട്ടം നടത്തി അനുകൂല വിധി നേടിയെടുത്തത്.

മൂവാറ്റുപുഴ എസ്എൻഡിപി ഹയർസെക്കൻഡറി സ്‌കൂളിൽ നിന്ന് 2019 മാർച്ചിലാണ് സ്നേഹമോൾ പ്ലസ്‌ടു പരീക്ഷയെഴുതിയത്. ഇക്കണോമിക്‌സ്‌‌ ഒഴികെ ബാക്കി എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചെങ്കിലും, ഇക്കണോമിക്സിൽ 57 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ അപ്പീൽ നൽകി പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 80-ൽ 80 മാർക്കും ലഭിച്ചു. എന്നാൽ 2019 ജൂലൈ 22-ന് ഈ ഫലം പുറത്തുവന്നപ്പോഴേക്കും റെഗുലർ കോളേജുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശന നടപടികൾ അവസാനിച്ചിരുന്നു. മികച്ച മാർക്ക് ഉണ്ടായിട്ടും ഇതുകാരണം ആഗ്രഹിച്ച കോളേജിൽ തുടർപഠനം നടത്താനുള്ള അവസരം സ്നേഹമോൾക്ക് നഷ്ടമായി. ഒടുവിൽ കടം വാങ്ങി കാനഡയിൽ പോയി പഠിക്കേണ്ട അവസ്ഥയാണ് വിദ്യാർഥിനിക്കുണ്ടായത്.

തുടർന്നാണ് കരിയർ നഷ്ടത്തിനും വിദ്യാഭ്യാസ വകുപ്പിന്റെ വീഴ്ചയ്ക്കുമെതിരെ 2021-ൽ സ്നേഹമോൾ മൂവാറ്റുപുഴ മുൻസിഫ് കോടതിയെ സമീപിച്ചത്. പിഴവുവരുത്തിയ അധ്യാപകനെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും, കുട്ടിയുടെ കരിയർ നഷ്ടത്തിന് സർക്കാരിന് ഉത്തരവാദിത്തമില്ലെന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ ഈ വാദം പൂർണ്ണമായും തള്ളിയ കോടതി, ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടപ്പെട്ടതിനും മാനസിക സംഘർഷങ്ങൾക്കും അർഹിച്ച അംഗീകാരങ്ങൾ നിഷേധിക്കപ്പെട്ടതിനും വിദ്യാർഥിനിക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് വിധിക്കുകയായിരുന്നു.

സ്‌കൂൾ പ്രിൻസിപ്പൽ ഡോ.സി. രാധാകൃഷ്‌ണൻ, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി ഒ.വി. അനീഷ് എന്നിവരുടെ പൂർണ്ണ പിന്തുണയോടെയായിരുന്നു സ്നേഹമോളുടെ നിയമപോരാട്ടം. കാനഡയിലെ പഠനം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് വിദ്യാർഥിനി ഇപ്പോൾ.