പ്രതിഷേധം ശക്തം: ഗ്യാനേഷ് കുമാറിന് 24 മണിക്കൂർ കമാൻഡോ കാവൽ; സുരക്ഷ കൂട്ടി കേന്ദ്രം

ന്യൂഡൽഹി: തലസ്ഥാനത്ത് പ്രതിഷേധങ്ങൾ കടുക്കുന്നതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ കേന്ദ്ര സർക്കാർ വീണ്ടും പുനഃസംഘടിപ്പിച്ച് ശക്തമാക്കി. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലും തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തും കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചതായാണ് റിപ്പോർട്ട്. ഡൽഹിയിലെയും ആഗ്രയിലെയും അദ്ദേഹത്തിന്റെ വീടുകളിലേക്ക് പ്രതിഷേധക്കാർ എത്തിയ സാഹചര്യത്തിലാണ് സുരക്ഷ അടിയന്തരമായി വർധിപ്പിച്ചത്.

“പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ വീട് കണ്ടെത്തി ആഗ്രയിലുള്ള കുടുംബവീടിനു പുറത്ത് പ്രതിഷേധം നടത്തി. ഭീഷണികൾ വിലയിരുത്തിയ ശേഷമാണ് സുരക്ഷ കൂട്ടാൻ തീരുമാനിച്ചത്” എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഗ്യാനേഷ് കുമാർ താമസിക്കുന്ന ന്യൂ മോതി ബാഗ് റസിഡൻഷ്യൽ കോളനിക്കുള്ളിൽ പ്രതിഷേധക്കാർ കടന്നുകയറുകയും വീടിനടുത്തെത്തുകയും ചെയ്തതോടെയാണ് അർധസൈനിക വിഭാഗത്തെ സുരക്ഷയ്ക്കായി രംഗത്തിറക്കിയതെന്ന് സുരക്ഷാ ജീവനക്കാർ വ്യക്തമാക്കി. ഇപ്പോൾ പ്രദേശത്ത് 24 മണിക്കൂറും പോലീസ് വാഹനങ്ങളും കമാൻഡോകളും പട്രോളിങ് നടത്തുന്നുണ്ട്. പ്രദേശത്തേക്ക് കടക്കുന്ന സന്ദർശകരുടെ തിരിച്ചറിയൽ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് പ്രവേശനം അനുവദിക്കുന്നത്.

പൗരന്മാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ലസ് പരിരക്ഷയാണ് നിലവിൽ അദ്ദേഹത്തിനുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സസ്, ഡൽഹി പോലീസ് എന്നിവരടങ്ങുന്ന 55-ലധികം സുരക്ഷാ ജീവനക്കാരാണ് ഇതിന്റെ ഭാഗമായി അദ്ദേഹത്തിന് കാവലൊരുക്കുന്നത്. ഇതോടൊപ്പം 24 മണിക്കൂറും വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാണ്.

മറുവശത്ത്, ഡൽഹി അശോക് റോഡിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനമായ നിർവാചൻ സദൻ കോംപ്ലക്സിനുള്ളിൽ സിഐഎസ്എഫ് സെക്യൂരിറ്റി വർധിപ്പിച്ചിട്ടുണ്ട്. ഓഫീസിന് പുറത്ത് തുടർച്ചയായി നടക്കുന്ന പ്രതിഷേധങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സിആർപിഎഫ്, ഡൽഹി പോലീസ് എന്നിവരെയും നിരത്തി നിർവാചൻ സദന്റെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.