കമന്റ് ഡിലീറ്റ് ചെയ്തു, പരസ്യമായി മാപ്പും പറഞ്ഞു... പക്ഷെ സ്ക്രീൻഷോട്ട് അപ്പോഴേക്കും സൗദി പോലീസിൽ എത്തിയിരുന്നു.
ആദ്യം 5 വർഷം തടവും 30 ലക്ഷം റിയാൽ പിഴയും, അപ്പീലിൽ നേരെ വധശിക്ഷയിലേക്ക്! ഇന്ന് 18 ലക്ഷത്തിലേറെ രൂപ ചിലവഴിച്ച് ആ അമ്മ മകന്റെ ജീവനുവേണ്ടി യാചിക്കുന്നു.
ഗൾഫിലെ ഓരോ പ്രവാസിയും ഈ കഥ നിർബന്ധമായും വായിക്കണം. നിങ്ങളുടെ ഫോണിലെ ഒരു ക്ലിക്ക് നിങ്ങളുടെ കുടുംബത്തെ തന്നെ ഇല്ലാതാക്കും എന്ന് ഓർക്കുക!
നിമിഷനേരത്തെ ദേഷ്യത്തിൽ സോഷ്യൽ മീഡിയയിൽ നമ്മൾ എഴുതുന്ന ഒരു വരി, നമ്മുടെയും നമ്മുടെ കുടുംബത്തിന്റെയും സർവ്വസ്വവും തകർത്തെറിയാൻ പോന്നതാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയൊരു ദൃഷ്ടാന്തം വേറെയുണ്ടോ !!
സൗദി അറേബ്യയിൽ വധശിക്ഷാ വിധി കാത്ത് ജയിലിൽ കഴിയുന്ന 24-കാരനായ ശ്രീലങ്കൻ തമിഴ് യുവാവ് അനോജൻ സിവരാസയുടെ ജീവിതം ഗൾഫിലെ ഓരോ പ്രവാസിക്കും നൽകുന്നത് കണ്ണീരിൽ കുതിർന്ന വലിയൊരു പാഠമാണ്.
എന്തായിരുന്നു ആ തുടക്കം?
ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട കൽമുനൈ സ്വദേശിയാണ് അനോജൻ. സൗദിയിൽ ക്വാണ്ടിറ്റി സർവെയറായി ജോലി നോക്കി വരികയായിരുന്നു അവൻ. കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറ്റാൻ വിദേശത്തേക്ക് പറന്ന ആ ചെറുപ്പക്കാരന്റെ ജീവിതം മാറിമറിഞ്ഞത് ഒരു ചെറിയ സോഷ്യൽ മീഡിയ തർക്കത്തിലൂടെയാണ്.
ശ്രീലങ്കയിൽ ജാഫ്നയിൽ നിന്നുള്ള തമിഴ് തീർത്ഥാടകരുടെ പദയാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന ഒരു നായയുടെ പേരുമായി ബന്ധപ്പെട്ട് നാട്ടിൽ ഹിന്ദു-മുസ്ലിം വിഭാഗങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ വലിയ വാഗ്വാദങ്ങൾ നടന്നു. അതിനെക്കുറിച്ച് ഏതോ ഒരു മുസ്ലിം യുവാവ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടു . അതിൽ ഹിന്ദു ദൈവത്തെ
ചെറിയ രീതിയിൽ അധിക്ഷേപിക്കുന്ന പരാമർശം ഉണ്ടായിരുന്നു..
ആ തർക്കത്തിനിടയിൽ അനോജൻ
സൗദിയിൽ ഇരുന്ന് ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും നിന്ദിക്കുന്ന തരത്തിൽ തമിഴിൽ ഒരു കമന്റ് എഴുതി വിട്ടു..
അതിന്റെ ചർച്ചകൾ മുന്നോട്ടു പോയപ്പോൾ തെറ്റ് മനസ്സിലാക്കി പെട്ടെന്ന് തന്നെ ആ കമന്റ് അനോജൻ ഡിലീറ്റ് ചെയ്യുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തെങ്കിലും, ആർക്കോ അതിന്റ സ്ക്രീൻഷോട്ട് ലഭിച്ചിരുന്നു. ആ വ്യക്തി അത് അറബിയിലേക്ക് വിവർത്തനം ചെയ്ത് അനോജന്റെ തൊഴിലുടമയ്ക്കും സൗദി അധികൃതർക്കും അയച്ചുകൊടുത്തു.
ജൂലൈ 2: അനോജൻ അറസ്റ്റിലാകുന്നു.
ജൂലൈ 15: സൗദി ആന്റി-സൈബർ ക്രൈം നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ട് അൽ-അഹ്സ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 30 ലക്ഷം സൗദി റിയാൽ പിഴയും വിധിക്കുന്നു.
ശിക്ഷ ഇളവ് കിട്ടാൻ അപ്പീൽ നൽകിയെങ്കിലും, പ്രോസിക്യൂഷൻ ഷരീഅത്ത് നിയമപ്രകാരം മതനിന്ദയ്ക്ക് കൂടുതൽ കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഒടുവിൽ സെപ്റ്റംബർ 17-ന് അപ്പീൽ കോടതി മുൻ വിധി റദ്ദാക്കി അനോജിന് വധശിക്ഷ വിധിച്ചു.
സെപ്റ്റംബർ 28 മുതൽ കുടുംബത്തിന് അവനുമായി യാതൊരു ബന്ധവുമില്ല. വീടിന്റെ ഏക പ്രതിക്ഷയായിരുന്നു അവൻ. "ദയവായി എന്റെ മകനെ മാപ്പാക്കി ജീവനോടെ തിരികെ തരൂ, അല്ലെങ്കിൽ ഞങ്ങൾ എല്ലാവരും മരിക്കേണ്ടി വരും" എന്ന് പറഞ്ഞുള്ള ആ അമ്മയുടെ കരച്ചിൽ ഏതൊരു മനുഷ്യന്റെയും കരളലിയിക്കുന്നതാണ്. നിയമപരമായ ചെലവുകൾക്കായി ഇതിനോടകം തന്നെ 18.9 ലക്ഷം ശ്രീലങ്കൻ രൂപയാണ് ആ സാധു കുടുംബം ചിലവഴിക്കേണ്ടി വന്നത്. ശ്രീലങ്കൻ സർക്കാരും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും സൗദി എംബസിയെ സമീപിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഇപ്പോൾ ഈ യുവാവിന്റെ ജീവനുവേണ്ടി ഒപ്പ് ശേഖരണവും നയതന്ത്ര ഇടപെടലുകളുമായി രംഗത്തുണ്ട്.
ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കുള്ള സന്ദേശം:
നമ്മുടെ കൈയിലെ സ്മാർട്ട്ഫോൺ ചിലപ്പോൾ ജീവന്റെ ആയുധമാകാം, അല്ലെങ്കിൽ കഴുത്തിൽ വീഴുന്ന വാളായി മാറാം.
ഗൾഫ് രാജ്യങ്ങളിൽ മതപരമായ വിഷയങ്ങൾ, ഭരണകൂടത്തിനെതിരെയുള്ള പരാമർശങ്ങൾ, സോഷ്യൽ മീഡിയയിലെ അശ്രദ്ധമായ കമന്റുകൾ, ഫോർവേഡ് സന്ദേശങ്ങൾ എന്നിവയോടുള്ള അവിടത്തെ നിയമങ്ങൾ അതിശക്തമാണ്. ഒരു നിമിഷത്തെ ദേഷ്യത്തിലോ ആവേശത്തിലോ ചെയ്യുന്ന ചെറിയൊരു കമന്റ് ഡിലീറ്റ് ചെയ്തതുകൊണ്ട് മാത്രം നിയമത്തിന്റെ കണ്ണിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ സംഭവം.
വിദേശത്ത് ജീവിക്കുമ്പോൾ നമ്മുടെ നാടല്ല അതെന്നും, അവിടത്തെ നിയമങ്ങൾ അതികഠിനമാണെന്നും എപ്പോഴും ഓർക്കുക. സോഷ്യൽ മീഡിയയിൽ എന്ത് എഴുതുമ്പോഴും ഒരുവട്ടത്തിന് പത്ത് വട്ടം ചിന്തിക്കുക. നിങ്ങളുടെ ജീവൻ കുടുംബത്തിന്റെ കണ്ണീരിനേക്കാൾ വലുതല്ല ഒരു സോഷ്യൽ മീഡിയ ചർച്ചയും!