ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത..ജനശതാബ്ദിയിലേക്ക് ബക്കറ്റ് ടൈപ്പ് സീറ്റുകൾ എത്തി, വേണാടിന് 220 പേർക്ക് ഇരിക്കാവുന്ന കോച്ചുകൾ

 
ജനശതാബ്ദി ട്രെയിനുകളിലെ പുതിയ കോച്ചുകൾ സംബന്ധിച്ച പരാതി ഫലം കണ്ടു. ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലാത്ത സീറ്റുകൾക്കു പകരം ബക്കറ്റ് ടൈപ്പ് സീറ്റുകളുള്ള കോച്ചുകൾ ലഭ്യമാക്കും. ഇതിനായി 16 കോച്ചുകൾ തിരുവനന്തപുരം ഡിവിഷനു കൈമാറിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളായിരിക്കും ആദ്യം മാറ്റുക. അ‌ടുത്ത ഘട്ടത്തിൽ തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും മാറ്റും. പുതിയതായി അനുവദിച്ച കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നു വ്യാപക പരാതി ഉയർന്നിരുന്നു.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി ജനശതാബ്ദി സിറ്റിങ് കോച്ചുകൾ നിർമിക്കുന്നത് നിർത്തിയതാണു പ്രശ്നങ്ങൾക്കു കാരണം. സാധാരണ മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ ജനറൽ കോച്ചിൽ നൽകുന്ന ചരിവില്ലാത്ത സീറ്റുകളാണ് ഇതുമൂലം ജനശതാബ്ദിയിലും നൽകുന്നത്. പരാതികളെ തുടർന്നു ഉത്തരേന്ത്യയിൽ നിന്നാണു പുതിയ കോച്ചുകൾ എത്തിച്ചത്
തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസിലെ തിരക്കു കുറയ്ക്കാൻ കൂടുതൽ പേർക്കു യാത്ര ചെയ്യാൻ കഴിയുന്ന ജനറൽ കോച്ചുകൾ വൈകാതെ അനുവദിക്കും. 108 പേർക്ക് പകരം 220 പേർക്ക് ഇരിക്കാനും 50ൽ അധികം പേർക്കു നിൽക്കാനും കഴിയും. ലഗേജ് റാക്കിന്റെ ഭാഗത്ത് കുഷ്യനായതിനാൽ അവിടെയും ഇരിക്കാൻ കഴിയും. ഇത്തരം 10 കോച്ചുകൾ ഉടൻ ലഭ്യമാക്കും. തിങ്കളും വെള്ളിയും ട്രെയിനിൽ കയറി പറ്റാൻ പോലും കഴിയാത്ത വിധം തിരക്ക് അനുഭവപ്പെടുന്ന വേണാട് എക്സ്പ്രസിൽ പുതിയ കോച്ചുകൾ യാത്രക്കാർക്ക് ആശ്വാസമാകും. ജനശത്ബാദിയിലെ പരാതിക്കിടയാക്കുന്ന സീറ്റുള്ള കോച്ച്, പുതിയ പുഷ്ബാക്ക് സൗകര്യമുള്ള സീറ്റുകൾ.


ട്രെയിൻ യാത്രക്കാർക്ക് സന്തോഷവാർത്ത! ഏറെനാളായി യാത്രക്കാർ ഉന്നയിച്ചിരുന്ന പരാതികൾക്ക് പരിഹാരമായി ജനശതാബ്ദി ട്രെയിനിലെ സീറ്റുകളിൽ മാറ്റം വരുന്നു. ഇതുവരെ 90 ഡിഗ്രിയിൽ കുത്തനെ നിൽക്കുന്ന സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ദീർഘദൂര യാത്രകളിൽ ഇത്തരം സീറ്റുകൾ കാരണം യാത്രക്കാർക്ക് അസൗകര്യവും നടുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും അനുഭവപ്പെടുന്നുണ്ടായിരുന്നു. എന്നാൽ ഇനി പുഷ്-ബാക്ക് സൗകര്യമുള്ള ബക്കറ്റ് ടൈപ്പ് സീറ്റുകളാണ് ജനശതാബ്ദിയിൽ ലഭ്യമാകുന്നത്. സീറ്റ് പിന്നിലേക്ക് ക്രമീകരിക്കാനും കൂടുതൽ സുഖകരമായി യാത്ര ചെയ്യാനും കഴിയുന്നതിനൊപ്പം ഭക്ഷണം കഴിക്കാനുള്ള ട്രേ സംവിധാനവും പുതിയ കോച്ചുകളിൽ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ദീർഘദൂര യാത്ര ഇനി കൂടുതൽ സുഖപ്രദമാകുമെന്നാണ് പ്രതീക്ഷ. 16 റാക്കുകളുള്ള ഈ ട്രെയിൻ തിരുവനന്തപുരം ഡിവിഷന് കൈമാറിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം–കോഴിക്കോട് സർവീസ് നടത്തുന്ന ജനശതാബ്ദി ട്രെയിനുകളിലാണ് ഈ പുതിയ സീറ്റുകൾ നടപ്പിലാക്കുന്നത്. യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യം ഒടുവിൽ യാഥാർഥ്യമാകുകയാണ്.