*ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ സെഞ്ച്വറിയുടെ മികവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടി 20 ൽ ഇന്ത്യക്ക് ഉജ്ജ്വല വിജയം*

ലക്നൗ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റിന്‍റെ ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത് വിന്‍ഡീസ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്‍റെയും വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 14.4 ഓവറില്‍ മറികടന്നു. 43 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ശ്രേയസ് അയ്യരും 27 പന്തില്‍ 37 റണ്‍സെടുത്ത ഇഷാന്‍ കിഷനുമാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. റോസ്റ്റണ്‍ ചേസിനെ സിക്സിന് പറത്തി ആദ്യ ടി20 സെഞ്ചുറി തികച്ച ശ്രേയസ് 10 ഫോറും ആറ് സിക്സും പറത്തിയാണ് 43 പന്തില്‍ 102 റണ്‍സെടുത്തത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ട റാഞ്ചിയില്‍ നടക്കും. സ്കോര്‍ വെസ്റ്റ് ഇന്‍ഡീസ് 19.2 ഓവറില്‍ 171ന് ഓള്‍ ഔട്ട്, ഇന്ത്യ 14.4 ഓവറില്‍ 172-2.
172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് ആദ്യ ഓവറുകളില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും ശേര്‍ന്ന് നല്ല തുടക്കമാണ് നല്‍കിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സിന് തൂക്കിയ അഭിഷേകായിരുന്നു കൂടുതല്‍ ആക്രമണകാരി. ആദ്യ ഓവറില്‍ 15 റണ്‍സെടുത്ത ഇന്ത്യക്ക് മൂന്നാം ഓവറില്‍ അഭിഷേകിനെ നഷ്ടമായി. 10 പന്തില്‍ 21 റണ്‍സെടുത്ത അഭിഷേകിനെ റോസ്റ്റണ്‍ ചേസിന്‍റെ പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്മെയര്‍ പറന്നുപിടിച്ചു. രണ്ട് ബൗണ്ടറികളടിച്ച് പ്രതീക്ഷ നല്‍കിയ സഞ്ജു സാംസണും ക്രീസില്‍ അധികം ആയുസുണ്ടായില്ല.അക്കീല്‍ ഹൊസൈന്‍ എറിഞ്ഞ നാലാം ഓവറില്‍ 9 പന്തില്‍ 11 റണ്‍സെടുത്ത സഞ്ജു പുറത്തായി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ശ്രേയസും ഇഷാന്‍ കിഷനും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഇന്ത്യയെ 62 റണ്‍സിലെത്തിച്ചു. പത്താം ഓവറില്‍ ഇന്ത്യ 100 കടന്നു. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശ്രേയസ് പിന്നീട് 14 പന്തുകളില്‍ അടുത്ത 50 റണ്‍സ് കൂടി നേടി ആദ്യ സെഞ്ചുറിയും ഇന്ത്യൻ ജയവും പൂര്‍ത്തിയാക്കി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ കിഷനും ശ്രേയസും ചേര്‍ന്ന് 67 പന്തില്‍ 137 റണ്‍സാണ് അടിച്ചെടുത്തത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 19.1 ഓവറില്‍ 171 റൺസിന് ഓള്‍ ഔട്ടാവുകയായിരുന്നു. 34 പന്തില്‍ 56 റണ്‍സെടുത്ത ഷെറഫൈന്‍ റൂഥര്‍ഫോര്‍ഡാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ക്യാപ്റ്റൻ ഷായ് ഹോപ് 37 പന്തില്‍ 52 റണ്‍സെടുത്തു. വാലറ്റത്ത് 8 പന്തില്‍ 15 റണ്‍സെടുത്ത അക്കീല്‍ ഹൊസൈനും വിന്‍ഡീസിന് ഭേദപ്പെട്ട സ്കോര്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ഇന്ത്യക്കായി നമൻ ധിര്‍ 3 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു.