എറണാകുളം നെടുമ്പാശ്ശേരിയില് സ്കൂട്ടറില് കാറിടിച്ച് രണ്ട് യുവതികള് ഉള്പ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തില് പ്രതി സുഹൈല് സജീവിന് മദ്യം നല്കിയ ബാറുകള് കണ്ടെത്തി നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രിയുടെ നിർദേശം.
ബാർ ഉടമകള്ക്കെതിരെ കേസെടുക്കാൻ എക്സൈസ് മന്ത്രി എം. ലിജു എക്സൈസ് കമ്മീഷണർക്കും എറണാകുളം എക്സൈസ് ജോയിൻ്റ് കമ്മീഷണർക്കും നിർദേശം നല്കി. 19 വയസുകാരൻ വിവിധ ബാറുകളില് കയറി മദ്യപിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടിയെടുക്കാൻ നിർദേശം നല്കിയിരിക്കുന്നത്.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത്. ഇജാസ്, ഗോപിക, ദേവിക എന്നിവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയില് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. അമിതവേഗതയില് വന്ന മിനികൂപ്പർ കാർ ഇവരുടെ വാഹനത്തിന് പിറകില് ഇടിക്കുകയായിരുന്നു. മൂന്ന് പേരും തല്ക്ഷണം മരിച്ചു.
മരിച്ച മൂന്ന് പേരും തൃക്കാക്കര സുക്കോയ എന്ന ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരാണ്. ഇജാസ് കർണാടക സ്വദേശിയും ഗോപിക പാലക്കാട് സ്വദേശിയും ദേവിക വയനാട് സ്വദേശിയുമാണ്. നാട്ടുകാരാണ് കാർ ഡ്രൈവറെ പിടികൂടി പൊലീസില് ഏല്പ്പിച്ചത്. ഡ്രൈവർ സുഹൈല് മദ്യലഹരിയില് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 19 വയസാണ് പ്രതിക്ക്. വാഹനം മണിക്കൂറില് 218 കിലോമീറ്റർ വേഗത്തില് ആയിരുന്നു. സുഹൈലിന്റെ അച്ഛന്റെ പേരിലുള്ളതാണ് വാഹനം. അതേസമയം, പ്രതി സുഹൈല് സജീവിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില് എത്തിച്ചപ്പോള് കയ്യേറ്റമുണ്ടായി. ആശുപത്രിക്ക് പുറത്തുണ്ടായിരുന്നു യുവാവ് പ്രതിയെ മർദിക്കുകയായിരുന്നു.