കത്തിക്കയറി സ്വർണ വില; ഒറ്റയടിക്ക് പവന് 1.10 ലക്ഷം കടന്നു

സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഒരു പവന് ഒറ്റയടിക്ക് 840 രൂപയുടെ വർധനയോടെ 1,10,520 രൂപയിലും ഗ്രാമിന് 105 രൂപയുടെ വർധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഗ്രാമിന് 13,815 രൂപയായി.


ഇന്നത്തെ കുതിപ്പോടെ സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ എത്തി. ഒക്ടോബർ ആറിനായിരുന്നു സ്വർണ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 1,09,280 രൂപ റിപ്പോർട്ട് ചെയ്തത്. അതേ സമയം സംസ്ഥാനത്ത് വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 235 രൂപയിലും പവന് 2,350 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
രാജ്യാന്തര തലത്തിൽ സ്വർണ വില ട്രോയ് ഔൺസിന് 4,180 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര വിപണിയിലെ സ്വർണ വില വർധനയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ സൈനിക നടപടികൾ നീട്ടിവെച്ചതിനെത്തുടർന്ന് ആഗോള വിപണികളിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തിലും നിക്ഷേപക പ്രതീക്ഷകളിലും മാറ്റമുണ്ടായി.


ഇതിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില, യുഎസ് ഡോളർ സൂചിക, അമേരിക്കൻ ട്രഷറി ബോണ്ടുകളുടെ യീൽഡ് എന്നിവയിൽ ഇടിവുണ്ടായതും രാജ്യാന്തര സ്വർണവില ഉയരാൻ അനുകൂലമായ ഘടകങ്ങളായി.അതോടൊപ്പം, അമേരിക്കയുടെ വർധിച്ചുവരുന്ന സർക്കാർ കടത്തെക്കുറിച്ചുള്ള ആശങ്കകൾ നിക്ഷേപകരെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ ആകർഷിച്ചു.