കെഎസ്ഇബി ഓഫീസുകളിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്ന് മാധ്യമപ്രവർത്തകർ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് തിരുവനന്തപുരത്ത് നടന്ന പത്രസമ്മേളനത്തിൽ മന്ത്രി തന്നെ ഈ രസകരമായ അനുഭവം വെളിപ്പെടുത്തിയത്. വന്നുവന്ന് ഇപ്പോൾ എന്നെ നേരിട്ട് വിളിക്കുന്ന സ്ഥിതിയാണെന്നും കഴിഞ്ഞ ദിവസം സെക്ഷൻ ഓഫീസിലേക്ക് വിളിച്ചൊരാൾക്ക് ജീവനക്കാരൻ തന്റെ നമ്പർ നൽകുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ജീവനക്കാരന്റെ ഉദ്ദേശ്യശുദ്ധിയെ മാനിക്കുന്നുവെന്ന് പറഞ്ഞ മന്ത്രി സണ്ണി ജോസഫ്, തനിക്ക് നമ്പർ നൽകിയ ജീവനക്കാരൻ ആരാണെന്ന് കണ്ടെത്താൻ കെഎസ്ഇബി ചെയർമാന് നിർദേശം നൽകിയിട്ടുണ്ട്. തന്നെ വിളിച്ചയാളുടെ നമ്പർ ചെയർമാന് കൈമാറിയെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാനം നിലവിൽ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിനിടെയാണ് മന്ത്രിക്ക് തന്നെ പണികിട്ടിയ സംഭവം. മഴ കുറഞ്ഞതും അസാധാരണമായി ചൂട് വർധിച്ചതും കാരണം കേരളത്തിലെ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലാണ്. ചൊവ്വാഴ്ച മാത്രം ദൈനംദിന ഉപഭോഗം 94.76 ദശലക്ഷം യൂണിറ്റായി ഉയർന്നു. എന്നാൽ സംസ്ഥാനത്തെ ഉൽപാദനം വെറും 22.85 ദശലക്ഷം യൂണിറ്റ് മാത്രമാണ്. പീക്ക് സമയത്തെ ഡിമാൻഡ് 4851 മെഗാവാട്ടിലെത്തി നിൽക്കുകയാണ്.
പവർ എക്സ്ചേഞ്ചിൽ നിന്നുള്ള ലഭ്യത കുറവായതും ഗ്രിഡ് ഫ്രീക്വൻസി താഴ്ന്നതും കാരണം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നിരുന്നു. ഡാമുകളിലെ ജലനിരപ്പ് കുറഞ്ഞതോടെ ആഭ്യന്തര ഉൽപാദനം 25 ശതമാനത്തോളം മാത്രമായി ചുരുങ്ങി. നിലവിൽ ഉയർന്ന വിലയ്ക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്.