ചിറയിന്‍കീഴിലെ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് MLA യ്ക്കു വീഴ്ച സംഭവിച്ചതായി അന്വേഷണ സമിതി റിപ്പോര്‍ട്ട്.
എം എം ഹസന്‍ അധ്യക്ഷനായ സമിതി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് എംഎല്‍എക്കെതിരായ പരാമര്‍ശം.
രമ്യാ ഹരിദാസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നും പക്വതയോടെ ഇടപെട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരെ അപവാദ പ്രചാരണം ഉണ്ടായപ്പോള്‍ കെപിസിസിയോട് പരാതിപ്പെടുന്നതിന് പകരം അനാവശ്യമായി വിവാദം ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിഷയത്തില്‍ രമ്യാ ഹരിദാസിനെതിരെ കടുത്ത നടപടിയിലേക്ക് കടക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. മറിച്ച് പരസ്യശാസനയില്‍ അവസാനിപ്പിക്കാമെന്നും നേതൃത്വം കരുതുന്നു.
എന്നാല്‍ ഇന്നത്തെ കെപിസിസി യോഗത്തില്‍ രമ്യാ ഹരിദാസ് എംഎല്‍എയ്ക്ക് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ കയ്യാങ്കളി വിവാദത്തില്‍ എംഎല്‍എയ്‌ക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.
പാർട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്നും അഭിപ്രായം ഉയര്‍ന്നു. ഇതോടെ രമ്യക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി നിര്‍ബന്ധമായേക്കും. നിലവില്‍ കെപിസിസി ഉപാധ്യക്ഷയാണ് രമ്യാ ഹരിദാസ്. അന്വേഷണ സമിതി റിപ്പോര്‍ട്ടും നേതാക്കളുടെ അഭിപ്രായവും കണക്കിലെടുത്ത് രമ്യാ ഹരിദാസിനെ ചുമതലയില്‍ നിന്ന് നീക്കാന്‍ എഐസിസിയോട് ആവശ്യപ്പെടാനുള്ള സാധ്യതയും മുന്നിലുണ്ട്.