തിരുവനന്തപുരം ∙ കടുത്ത ചൂടിൽ വൈദ്യുതി ഉപയോഗം നിയന്ത്രണം വിട്ട് ഉയരുന്നതിനാൽ വൈദ്യുതി നിയന്ത്രണം ഈ മാസം മുഴുവൻ തുടരാൻ സാധ്യത.
മറ്റു സംസ്ഥാനങ്ങളുമായും വൈദ്യുതി ഉൽപാദക കമ്പനികളുമായും ചർച്ച നടത്തിയെങ്കിലും ഈ മാസത്തെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിച്ചിട്ടില്ല. തത്സമയ വിപണിയിൽ ലഭിക്കുന്ന വൈദ്യുതി പരമാവധി വാങ്ങി നിയന്ത്രണം കഴിയുന്നത്ര കുറയ്ക്കാനാണു ശ്രമം.
ഇടുക്കിയിൽ അറ്റകുറ്റപ്പണിക്കായി നിർത്തിയിട്ട ഒരു ജനറേറ്റർ, ജോലികൾ വേഗത്തിൽ തീർത്ത് പ്രവർത്തനം ആരംഭിച്ചതോടെ 130 മെഗാവാട്ട് വൈദ്യുതി കൂടി ഉൽപാദിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഡാമുകളുടെ സ്ഥിതിയും മെച്ചമല്ലെങ്കിലും ഈ മാസം പീക്ക് സമയത്തേക്കു മാത്രമായി പരമാവധി ഉൽപാദനം ക്രമീകരിച്ചിട്ടുണ്ട്. സംഭരണ ശേഷിയുടെ 61.56% മാത്രമാണു ഡാമിൽ വെള്ളമുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയം 78.21% വെള്ളമുണ്ടായിരുന്നു.