ഹണി ട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വർണ്ണവും തട്ടിയെടുത്തതായി പരാതി.
കല്ലമ്പലം ജെ.റ്റി ഫിർദോസ് ഹൗസിൽ സാദിഖ് (38) ആണ് തട്ടിപ്പിനിരയായത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സാദിഖിനെ ഇടവ സ്വദേശിയായ 29 വയസുള്ള യുവതി സൗഹൃദവും പ്രണയവും നടിച്ച് പലതവണയായി ലക്ഷ കണക്കിന് രൂപയും സ്വർണ്ണാഭരണങ്ങളും കൈക്കലാക്കുകയായിരുന്നു.
യുവതിയുടെ സഹോദരി വാഹനാപകടത്തിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലാണെന്നും നല്ലൊരു തുക വേണമെന്നും ആവശ്യപ്പെട്ട് 2 തവണയായി 3 ലക്ഷവും ഈ തുക തിരികെ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യ സ്ഥാപനത്തിൽ പണയത്തിലിരിക്കുന്ന സ്വർണ്ണം എടുത്ത് വിറ്റ് തുക തിരികെ നൽകാമെന്ന് ധരിപ്പിച്ച് വീണ്ടും 3 ലക്ഷം രൂപയും വാങ്ങി.
എന്നാൽ സ്വർണ്ണം എടുത്തിട്ട് വിൽക്കാതെ ബന്ധുവിന്റെ കൈയിലാണെന്ന് പറഞ്ഞ് കബളിപ്പിച്ചു.
പണം തിരികെ ആവശ്യപ്പെട്ടതോടെ സൗഹൃദം ശത്രുതയിലേയ്ക്ക് വഴിമാറി.
തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും,വീഡിയോകളും, സംഭാഷണങ്ങളും പരസ്യപ്പെടുത്തുമെന്നും കുടുംബ ജീവിതം തകർക്കുമെന്നും ഭീഷണിപ്പെടുത്തി യുവാവിനെ സ്വൈരമായി ജീവിക്കാൻ അനുവദിക്കാതെ പലപ്പോഴായി 15 ലക്ഷത്തോളം രൂപയും ആറര പവൻ സ്വർണ്ണാഭരണവും തട്ടിയെടുത്തു.
ഭീഷണിയും തട്ടിപ്പും തുടർന്നതോടെ യുവാവ് കല്ലമ്പലം പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും തനിക്ക് നീതി ലഭിച്ചില്ലെന്നും
കഴിഞ്ഞ ദിവസം കല്ലമ്പലം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സാദിഖ് ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ മൂലം ഭാര്യയും കുട്ടിയും തന്നിൽ നിന്നും അകന്നതായും മാനസികമായും സാമ്പത്തികമായും തകർന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും ഇനി ഏക പ്രതീക്ഷ കോടതിയിൽ മാത്രമാണെന്നും സാദിഖ് പറഞ്ഞു.
ഫോട്ടോ: കല്ലമ്പലത്ത് നടന്ന വാർത്താ സമ്മേളനത്തിൽ സാദിഖ്.