ട്രെയിനിൽ മോഷണം. കൊട്ടാരക്കര സ്വദേശി പിടിയിൽ..

ട്രെയിനിൽ വച്ച് തമിഴ്നാട് കോവിൽപ്പെട്ടി സ്വദേശിനിയുടെ മൂന്ന് പവനോളം തൂക്കമുള്ള ആഭരണങ്ങളടങ്ങിയ ബാഗ് മോഷ്ടിച്ച കൊട്ടാരക്കര സ്വദേശി കൊല്ലം റെയിൽവേ പൊലീസിന്റെ പിടിയിലായി.

 കൊട്ടാരക്കര മടത്തറ സ്വദേശി അഖിലാണ് പിടിയിലായത്.
​സെപ്തംബർ 14നായിരുന്നു സംഭവം. തൃശൂരിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശിനി. എറണാകുളത്ത് നിന്ന് അഖിൽ ട്രെയിനിൽ കയറി. തമിഴ്നാട് സ്വദേശിനിയുടെ പക്കലുണ്ടായിരുന്നതിന് സമാനമായ ബാഗ് അഖിലിന്റെ കൈയിൽ ഉണ്ടായിരുന്നു. ഈ ബാഗ് പകരം വച്ച ശേഷം തമിഴ്നാട് സ്വദേശിനിയുടെ ബാഗുമെടുത്ത് അഖിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലിറങ്ങി. തൊട്ടുപിന്നാലെ സംഭവം ശ്രദ്ധയിൽപ്പെട്ട തമിഴ്നാട് സ്വദേശിനി കൊല്ലം റെയിൽവേ പൊലീസിന് പരാതി നൽകി. ഇതോടെ സ്റ്റേഷനിലെ നിരീക്ഷണ കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ബാഗിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ തന്റെ സഹൃത്തിന്റേതാണെന്ന് തെറ്റിദ്ധരിപ്പിച്ച് പെൺസുഹൃത്തിനെക്കൊണ്ട് കൊല്ലം നഗരപരിധിയിലുള്ള ധനകാര്യ സ്ഥാപനത്തിൽ പണയം വയ്പ്പിച്ചിരുന്നു. ഈ പണം ഉപയോഗിച്ച് പ്രതി പുതിയ ഷർട്ടുകളും ഷൂസുകളും വാങ്ങി. ട്രെയിനിൽ മാന്യനെപ്പോലെ കയറി ബാഗുകൾ മോഷ്ടിക്കുന്നത് പതിവാക്കിയ പ്രതി പുതിയ ഓപ്പറേഷനായി ഇന്നലെ വീണ്ടും കൊല്ലം റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു.....