കിളിമാനൂർ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നഗരൂർ, മുണ്ടയിൽക്കോണം എസ്.എസ്.എസ്. വില്ലയിൽ ബിൻയാമിൻ (19) ആണ് നഗരൂർ പൊലീസിന്റെ പിടിയിലായത്.
കൊടുവഴന്നൂർ സ്വദേശിനിയായ 14-കാരിയെയാണ് പ്രതി പ്രണയം നടിച്ച് കെണിയിൽപ്പെടുത്തിയത്. പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കൾ ഇല്ലാത്ത സമയം നോക്കിയെത്തിയ പ്രതി, അർധരാത്രിയോടെ പെൺകുട്ടിയെ ബൈക്കിൽ കയറ്റി സ്വന്തം വീട്ടിലെത്തിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. പുലർച്ചെ പെൺകുട്ടിയെ തിരികെ വീട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ പ്രദേശവാസികൾ ഇവരെ തടഞ്ഞുവെച്ചു. തുടർന്ന് പെൺകുട്ടിയുടെ രക്ഷാകർത്താക്കളെ വിവരമറിയിച്ച് അവർക്കൊപ്പം അയക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ രക്ഷാകർത്താക്കൾ നൽകിയ പരാതിയിൽ നഗരൂർ പൊലീസ് പോക്സോ (POCSO) വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ഒളിവിൽ പോയ പ്രതിയെ തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.