അപവാദ പ്രചാരണവും നിരന്തരമുള്ള അധിക്ഷേപവും; സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ട‌ കേസ് നൽകി മഞ്ജു വാരിയർ

കൊച്ചി: നിരന്തരം മോശമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരനെതിരെ നടി മഞ്ജു വാര്യർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. എറണാകുളം മുൻസിഫ് കോടതിയിലാണ് ഹരജി നൽകിയിരിക്കുന്നത്. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന സംവിധായകന്റെ സമൂഹമാധ്യമ പോസ്റ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഹരജിയിൽ മഞ്ജു വാര്യർ ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ജു വാര്യർ ചില റാക്കറ്റുകളുടെ നിയന്ത്രണത്തിലാണെന്നും അവരെ അവിടെനിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സനൽകുമാർ ശശിധരൻ സെക്രട്ടേറിയറ്റിന് മുൻപിൽ സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് നടി നിയമനടപടികളിലേക്ക് നീങ്ങിയത്. ഹരജി പരിഗണിച്ച കോടതി, മഞ്ജു വാര്യരെ ഇനി അപകീർത്തിപ്പെടുത്തരുതെന്ന് സനൽകുമാർ ശശിധരന് താൽക്കാലിക ഉത്തരവ് നൽകിയതായി നടിയുടെ അഭിഭാഷക ശാന്തി മായാദേവി മാധ്യമങ്ങളോട് വ്യക്തമാക്കി.

ഓരോ ദിവസവും മഞ്ജു വാര്യർക്കെതിരെ പുതിയ ആരോപണങ്ങളുമായി സനൽകുമാർ ശശിധരൻ രംഗത്തുവരികയും അവരെ നിരന്തരം അധിക്ഷേപിക്കുകയുമാണെന്ന് ശാന്തി മായാദേവി ചൂണ്ടിക്കാട്ടി. സമൂഹത്തിൽ എല്ലാവർക്കും അറിയാവുന്ന ബഹുമാന്യയായ ഒരു വ്യക്തിയാണ് മഞ്ജു വാര്യർ. അതിനാൽ തന്നെ, ഓരോരുത്തരും ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ആയിരം തവണ വാർത്താസമ്മേളനം നടത്തേണ്ട ആവശ്യം മഞ്ജു വാര്യർക്കില്ലെന്നും അവർ പറഞ്ഞു. സംവിധായകന് പുറമെ, ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച നിരവധി ഓൺലൈൻ യൂട്യൂബ് ചാനലുകൾക്കെതിരെയും പരാതി നൽകിയിട്ടുണ്ടെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.