തിരുവനന്തപുരം: മെസ്സി അറിഞ്ഞിട്ടുപോലുമില്ലാത്ത തട്ടിപ്പാണ് കേരളത്തില്‍ നടന്നതെന്നും ഇനിയെങ്കിലും 'മെസ്സി തട്ടിപ്പ്' എന്ന് അതേക്കുറിച്ച് പറയരുതെന്നും കായിക മന്ത്രി ഒ.ജെ. ജനീഷ്. കേരള സര്‍വകലാശാലയില്‍ നടന്ന കായികദിന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ലോകം മുഴുവന്‍ ആരാധിച്ച ലയണല്‍ മെസ്സി വിരമിക്കുന്ന വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചചെയ്യുന്നത്. മെസ്സിയുടെ അനുഭവങ്ങളെ സംബന്ധിച്ച ഒരുപാട് ഡോക്യുമെന്ററികള്‍ ഇന്ന് മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പ്രതിഭ കൊണ്ട് ഒരാള്‍ക്ക് ഒരുപക്ഷേ അവസരങ്ങള്‍ കിട്ടുമായിരിക്കും. പക്ഷെ കഠിനാധ്വാനം കൂടി ചെയ്താല്‍ മാത്രമാണ് ആ അവസരങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കുക. കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തില്‍ വലിയ പ്രാധാന്യത്തോട് കൂടി ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു പേര് കൂടിയാണ് ലോക ഫുട്ബാളര്‍ ആയ ലയണല്‍ മെസ്സിയുടെത്. ഇനിയെങ്കിലും നമ്മള്‍ കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തയുടെ തലക്കെട്ടില്‍ ഒരു മാറ്റം വരുത്തണം. 'മെസ്സി തട്ടിപ്പ്' എന്നത് മാറ്റണം. മെസ്സി അറിഞ്ഞിട്ട് പോലുമില്ലാത്ത ഒരു തട്ടിപ്പാണത്. അതൊരു സാമ്പത്തിക ക്രൈമാണ്. അതിനെ ആ തലത്തിലേക്ക് കൊണ്ടുപോകണം. അത് മെസ്സിയോടും ഫുട്ബാളിനോടും കായിക മേഖല ഇഷ്ടപ്പെടുന്ന ആളുകളോടും കാണിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു മര്യാദ കൂടിയാണ്' -മന്ത്രി പറഞ്ഞു.
2036 ല്‍ ഇന്ത്യയില്‍ ഒളിമ്പിക്‌സ് നടത്തപ്പെടുകയാണെങ്കില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന സംസ്ഥാനമായി നമ്മള്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. 'ഒളിമ്പിക്‌സ് ആണ് നമ്മുടെ ഫോക്കസ്. അന്ന് രാജ്യത്തിനു വേണ്ടി മെഡല്‍ നേടുന്ന ആളുകളുടെ കൂട്ടത്തിലെ പ്രൈം നമ്പര്‍ കേരളത്തില്‍ നിന്നായിരിക്കണം എന്നാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളിലൂടെയാണ് അത് സാധിക്കുക. സ്‌പോര്‍ട്‌സിനെ ഏറ്റവും പ്രധാനത്തോടുകൂടി തന്നെ മുന്നോട്ടു പോകണം. കേന്ദ്ര മന്ത്രിയുമായിട്ടുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കാര്യങ്ങള്‍ മുന്നോട്ടു വെക്കുകയും അതിന് പോസിറ്റീവ് ആയിട്ടുള്ള പ്രതികരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്' -ജനീഷ് പറഞ്ഞു.
വളരെ പ്രസക്തമായ ഒരു മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്. പ്രിയങ്കരനായ മുന്‍ഹോക്കി ഇതിഹാസതാരം മേജര്‍ ധ്യാന്‍ചന്ദ്രന്റെ ജന്മദിനമായ ആഗസ്റ്റ് 29ന് ദേശീയ ഗായിക ദിനമായി ആചരിക്കുന്നതോടൊപ്പം വിദ്യാര്‍ത്ഥികളോടും യുവാക്കളോടും 'ഒരു മണിക്കൂറെങ്കിലും മൈതാനങ്ങളില്‍ ചെലവഴിക്കണം' എന്നാണ് ഗവണ്‍മെന്റ് ആവശ്യപ്പെട്ടത്. മുന്‍കാലങ്ങളില്‍ മാതാപിതാക്കള്‍ തുടങ്ങി അധ്യാപകര്‍ വരെ നമ്മുടെ സംവിധാനങ്ങള്‍ എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് കളിച്ചു നടന്ന് സമയം കളയരുത് എന്നാണ്. എന്നാല്‍, ഇത് നേരെ തിരിച്ചുപറയേണ്ട ഒരു കാലത്തിലേക്ക് വന്നു. മൈതാനങ്ങളിലേക്ക് പോകണം മൈതാനങ്ങളില്‍ ചെലവഴിക്കണം എന്ന് പറയേണ്ട ഒരു അവസ്ഥയിലേക്ക് വന്നു.