കുടുംബവീട് ഒഴിഞ്ഞുകൊടുത്തില്ല, വയോധികയായ കുഞ്ഞമ്മയെ തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹോദരീ മകൻ അറസ്റ്റിൽ.

കടയ്ക്കൽ: കുടുംബവീട് ഒഴിഞ്ഞുകൊടുക്കാത്തതിലുള്ള വിരോധത്താൽ മാതാവിന്റെ അനുജത്തിയെ ഓലമടൽ കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ സഹോദരീ പുത്രൻ പോലീസിന്റെ പിടിയിലായി. കുമ്മിൾ സ്വദേശി മധുവിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കുമ്മിൾ സ്വദേശിനി ലീലയെ (75) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. മധു വീട്ടിലെത്തിയ സമയം കുഞ്ഞമ്മയായ ലീല വീടിന് പുറത്ത് നിൽക്കുകയായിരുന്നു. ഇവരെ കണ്ടയുടൻ വീട്ടുമുറ്റത്തുണ്ടായിരുന്ന ഓലമടലിന്റെ കഷ്ണമെടുത്ത് മധു ലീലയുടെ തലയ്ക്കടിക്കുകയായിരുന്നു. ​അടിയേറ്റ് നിലത്തുവീണ ലീലയെ പ്രതി ദേഹമാസകലം മടലുകൊണ്ട് ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ ലീലയുടെ കാലിനും വാരിയെല്ലിനും പൊട്ടലേൽക്കുകയും നെറ്റിയിൽ ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിട്ടുണ്ട്. ലീലയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ഉടൻതന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ​ലീലയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പൊലീസ് മധുവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. തുടർന്ന് കുമ്മിൾ ഭാഗത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ മധുവിനെ റിമാൻഡ് ചെയ്തു.