നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തും, ആളൊഴിയുമ്പോൾ ബാറ്ററി മോഷ്ടിച്ച് സ്ഥലം വിടും; ആഡംബര ജീവിതം നയിച്ച മോഷ്ടാവ് പിടിയിൽ

മുക്കം: നിസ്കരിക്കാനെന്ന വ്യാജേന പള്ളികളിലെത്തി ഇൻവെർട്ടർ ബാറ്ററികൾ മോഷ്ടിക്കുന്നയാൾ പോലീസിന്റെ പിടിയിലായി. മുക്കം തോട്ടത്തിൻകടവ് സ്വദേശി അബ്ദുൽ ജലീലാണ് (42) മുക്കം പോലീസിന്റെ പിടിയിലായത്.

വ്യാജ നമ്പർ പതിപ്പിച്ച ബൈക്കിലെത്തി, പള്ളികളിൽ ആളൊഴിയുന്ന സമയം നോക്കിയായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. മോഷ്ടിക്കുന്ന ബാറ്ററികൾ വിറ്റ് ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇയാളുടെ രീതി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിലെ പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മോഷണം.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മലയമ്മ ടൗൺ ജുമാമസ്ജിദിൽ നിന്ന് ഇൻവെർട്ടറും ബാറ്ററിയും മോഷണം പോയിരുന്നു. തുടർന്ന് സംശയം തോന്നിയ നാട്ടുകാർ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. അന്വേഷണത്തിൽ മോഷ്ടാവിന്റെ താവളം ചാത്തമംഗലം പെരിങ്ങൊളത്തെ ഒരു കടമുറിയാണെന്ന് നാട്ടുകാർ കണ്ടെത്തുകയും മുക്കം പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.

പോലീസ് എത്തി റൂം പരിശോധിച്ചതോടെ കൂടുതൽ വിവരങ്ങൾ ലഭിച്ചു. തുടർന്ന് മുക്കം ഇൻസ്പെക്ടർ റഫീഖിന്റെ നിർദ്ദേശപ്രകാരം നടന്ന അന്വേഷണത്തിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടലിൽ നിന്ന് മോഷ്ടിച്ച ബാറ്ററിയുമായി പ്രതിയെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കഴിഞ്ഞ ആറുമാസമായി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഒട്ടേറെ പള്ളികളിൽ താൻ മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.

മാസങ്ങളായി മലയോര മേഖലയിലെ പള്ളികളെ വലച്ച മോഷ്ടാവിനെ പിടികൂടാൻ മലയമ്മയിലെ നാട്ടുകാരുടെ മാതൃകാപരമായ ഇടപെടലാണ് നിർണ്ണായകമായത്. മുക്കം സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അനീസ്, നഹാസ്, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.