വർക്കല കാപ്പിൽ..ഉച്ചയോടെ അഞ്ച് പെൺകുട്ടികൾ പ്രദേശത്ത് എത്തിയിരുന്നതായും ഇവർ മദ്യപിച്ചതായുമാണ് നാട്ടുകാർ പറയുന്നത്. പിന്നീട് രണ്ട് പെൺകുട്ടികൾ ബോധരഹിതരായതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട സഞ്ചാരികൾ കാപ്പിൽ ബീച്ചിലെ ലൈഫ് ഗാർഡുകളെ വിവരം അറിയിക്കുകയായിരുന്നു. മറ്റ് മൂന്ന് പെൺകുട്ടികൾ സ്ഥലത്തുനിന്ന് നടന്ന് പോയതായും സഞ്ചാരികൾ പറയുന്നു.
വിവരമറിഞ്ഞ് അയിരൂർ പൊലീസ് സ്ഥലത്തെത്തി. ഒറ്റപ്പെട്ട പ്രദേശമായതിനാൽ ബോധരഹിതരായ പെൺകുട്ടികളെ വള്ളത്തിൽ കയറ്റി പ്രധാന റോഡിലെത്തിച്ച ശേഷം വർക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടികൾ കിടന്നിരുന്ന സ്ഥലത്തിന് സമീപത്തുനിന്ന് മദ്യക്കുപ്പിയും പൊലീസ് കണ്ടെത്തി. ആശുപത്രിയിലെത്തിച്ച ശേഷവും ഇരുവരും അവ്യക്തമായും പരസ്പരവിരുദ്ധമായും സംസാരിച്ചിരുന്നതായാണ് വിവരം.
പെൺകുട്ടികളുടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും പൊലീസ് ഏറെ ബുദ്ധിമുട്ടേണ്ടിവന്നതായാണ് വിവരം. തുടർന്ന് രക്ഷിതാക്കളെ പൊലീസ് വിവരം അറിയിക്കുകയും അവർ ആശുപത്രിയിലെത്തുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.