വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് കീഴിലും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ വൃദ്ധസദനങ്ങളും ഇനി 'വൃദ്ധസദനം' എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും 'സ്നേഹാലയം' എന്നാകണം പുതിയ പേരെന്നും സാമൂഹ്യ നീതി വകുപ്പ്. ഇത്തരം സ്ഥാപനങ്ങളുടെ ബോര്‍ഡുകളിലും ഔദ്യോഗിക രേഖകളിലും 'സ്നേഹാലയം' എന്ന് തിരുത്തണമെന്ന് മന്ത്രി വി.ഇ അബ്ദുല്‍ ഗഫൂര്‍ കര്‍ശന നിര്‍ദേശം നല്‍കി. സാമൂഹ്യനീതി വകുപ്പിന് കീഴില്‍ തിരുവനന്തപുരം പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹാലയം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സ്നേഹാലയം എന്ന പേര് ഉപയോഗിക്കണമെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ എല്ലാ രേഖകളിലും പുതിയ പേര് രേഖപ്പെടുത്തണമെന്നും നേരത്തെ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പൂര്‍ണമായി നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദേശമുണ്ടായിരിക്കുന്നത്.

'വൃദ്ധസദനം' എന്ന പദം പൊതുപ്രയോഗത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണം ആവശ്യമാണ്. നെയിം ബോര്‍ഡുകള്‍, ഔദ്യോഗിക വെബ്സൈറ്റുകള്‍, പ്രസിദ്ധീകരണങ്ങള്‍, പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന മറ്റ് രേഖകള്‍ എന്നിവയിലെല്ലാം പേരുമാറ്റം ഉറപ്പാക്കണം. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വൃദ്ധസദനങ്ങളുടെ പേര് 'സ്നേഹാലയം' എന്ന് മാറ്റിയതായി ഡയറക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍, പലയിടത്തും ഇപ്പോഴും പഴയ പേര് തന്നെയാണ് വ്യാപകമായി ഉപയോഗിക്കുന്നത് എന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിഷയത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. വയോജന സംരക്ഷണ കേന്ദ്രങ്ങളെ കൂടുതല്‍ സ്നേഹപൂര്‍ണവും സുരക്ഷിതവും സന്തോഷകരവുമായ ഇടങ്ങളാക്കി മാറ്റാമെന്നും ഓരോ വയോജനത്തിനും അവകാശപ്പെട്ടത് അഭയകേന്ദ്രമല്ല, സ്നേഹലയമാണെന്നും മന്ത്രി പറഞ്ഞു.