അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിന്റെ ഭാഗമായി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ 6 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മലപ്പുറം പൂക്കോട്ടുംപാടം ടി.കെ. കോളനി കോട്ടപ്പുഴയിൽ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. അപകടത്തിൽപ്പെട്ട ആറ് പേരിൽ അഞ്ച് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വണ്ടൂർ സ്വദേശി സജ്ജാദ്, കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂർ കോട്ടക്കുന്ന് സ്വദേശി റഫീഖ്, കോട്ടക്കൽ എടരിക്കോട് സ്വദേശി മങ്ങാടൻ അനസ് യാസീൻ എന്നിവരുടേതാണ് തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പെരിങ്ങുളം ഉറവപ്ലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് പെരിങ്ങുളം സ്വദേശി ജോസഫ് (80) മരിച്ചു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സുരക്ഷിതമായി പുറത്തെത്തിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മണ്ണിനടിയിൽ കുടുങ്ങിയ ജോസഫിന്റെ മൃതദേഹം കണ്ടെടുത്തത്.
ഇടുക്കി വട്ടവട കൊട്ടക്കാമ്പൂരിൽ ഉച്ചയ്ക്ക് മൂന്ന് മണിയോടെയുണ്ടായ കനത്ത മണ്ണിടിച്ചിലിൽ സഹോദരങ്ങളായ ബാലകൃഷ്ണൻ, ചിന്നു എന്നിവർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്റെ ഭാര്യ മാരിയമ്മനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രദേശത്ത് മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കൊട്ടക്കാമ്പൂർ-തട്ടാമ്പാറ റോഡിലെ പാലം പൂർണമായി ഒലിച്ചുപോയി. ഇതോടെ മേഖലയിലെ മുപ്പതോളം കുടുംബങ്ങളും സന്ദർശനത്തിനെത്തിയ നൂറോളം വിനോദസഞ്ചാരികളും ഒറ്റപ്പെട്ട നിലയിലാണ്.