വീടുകളിലെത്തി സ്ത്രീകളെ കബളിപ്പിച്ച് സ്വര്‍ണാഭരണങ്ങളില്‍ രാസലായനി മുക്കി സ്വര്‍ണം തട്ടിയെടുക്കുന്ന ഇതരസംസ്ഥാനക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ അറാറിയ ധാമ സ്വദേശി ദിനേശ് സഹ (45), സുപോള്‍ ജാദിയ സ്വദേശി സച്ചിന്‍ കുമാര്‍ സഹ (36) എന്നിവരാണ് ചവറ പൊലീസിന്റെ പിടിയിലായത്. വീടുകളില്‍ ആദ്യമെത്തുന്ന ഇവര്‍ കരിപുരണ്ട ചെമ്പ് പാത്രങ്ങളും നിലവിളക്കുകളും വെളുപ്പിച്ചു നല്‍കി വീട്ടുകാരുടെ വിശ്വാസം നേടിയെടുക്കും. തുടര്‍ന്ന് സ്വര്‍ണാഭരണങ്ങള്‍ തിളക്കി നല്‍കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് രാസലായനിയില്‍ മുക്കി സ്വര്‍ണം അലിയിച്ചെടുത്ത് തട്ടിപ്പ് നടത്തുകയാണ് ഇവരുടെ രീതി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ ചവറ ബ്രിജ് ശ്രീകൃഷ്ണ ഭവനില്‍ ശോഭന (74)യുടെ വീട്ടിലാണ് പ്രതികള്‍ ആദ്യം തട്ടിപ്പ് നടത്തിയത്. ശോഭനയുടെ 18 ഗ്രാം വരുന്ന മാല വാങ്ങി രാസലായനിയില്‍ മുക്കി സ്വര്‍ണം അലിയിച്ചെടുത്ത ശേഷം തിരികെ നല്‍കുകയായിരുന്നു. മാലയുടെ നിറം കറുത്തുപോയത് ചോദിച്ചപ്പോള്‍ മഞ്ഞള്‍വെള്ളത്തില്‍ മുക്കിയാല്‍ തിളക്കം തിരിച്ചുകിട്ടുമെന്നാണ് ഇവര്‍ പറഞ്ഞത്. ഇതിനിടെ സ്ഥലത്തെത്തിയ ശോഭനയുടെ മകള്‍ തട്ടിപ്പാണെന്ന് മനസ്സിലാക്കി ഇവരെ തടഞ്ഞുവെക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞു. പിന്നീട് ജ്വല്ലറിയില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മാലയില്‍നിന്ന് 6 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നീണ്ടകര പരിമണത്ത് തറമേല്‍ കിഴക്കേതില്‍ സതിയമ്മയുടെ വീട്ടിലെത്തിയും സംഘം തട്ടിപ്പിന് മുതിര്‍ന്നു. സതിയമ്മ അണിഞ്ഞിരുന്ന മാലയില്‍ അഴുക്കുണ്ടെന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് ഊരിവാങ്ങിയ പ്രതികള്‍, ലായനിയില്‍ മുക്കി മഞ്ഞപ്പൊടിയിട്ട് പൊതിഞ്ഞു നല്‍കി. ഇപ്പോള്‍ തുറന്നു നോക്കരുതെന്ന് പറഞ്ഞ് ഇവര്‍ വേഗത്തില്‍ സ്ഥലംവിടാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയില്‍ സതിയമ്മയുടെ 10 ഗ്രാം മാലയില്‍നിന്ന് 3 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായി കണ്ടെത്തി.
രണ്ടു സംഭവങ്ങളിലും കേസെടുത്ത പൊലീസ് പ്രതികളെ കോടതിയില്‍ ഹാജരാക്കും. ചവറ എസ്.എച്ച്.ഒ. സുജോ ജോര്‍ജ് ആന്റണി, എസ്.ഐ.മാരായ ബി. ഓമനക്കുട്ടന്‍, അഭിജിത്ത്, എ.എസ്.ഐ.മാരായ സജീവ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.