പിറവം സ്നേഹഭവൻ റോഡിൽ പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വിദേശത്തുനിന്ന് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സുഹൃത്ത് ജിഷ്ണുവും മറ്റു സുഹൃത്തുക്കളും ചേർന്നാണ് അരുണിനെ ആക്രമിച്ചത്. നാട്ടിലെത്തിയ വിവരം അറിഞ്ഞ് അരുൺ ജിഷ്ണുവിനെ ഫോണിൽ വിളിച്ചിരുന്നു. എന്നാൽ ഫോൺ എടുത്തത് ജിഷ്ണുവിന്റെ അമ്മയായിരുന്നു. സംസാരിക്കുന്നതിനിടെ അരുൺ അമ്മയോട് മോശമായി പെരുമാറി എന്ന് ആരോപിച്ചാണ് ജിഷ്ണുവും സംഘവും ചോദ്യം ചെയ്യാനായി അരുണിന്റെ അടുത്തെത്തിയത്.
തുടർന്നുണ്ടായ വാക്കുതർക്കം പ്രകോപനത്തിൽ കലാശിക്കുകയും അരുണിന്റെ മേൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജിഷ്ണുവിനും കൂട്ടുകാർക്കുമായി പിറവം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അരുൺ ഫോണിലൂടെ എന്താണ് പറഞ്ഞതെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.