വില കുത്തനെ കൂടിയ സാഹചര്യത്തിൽ സ്വർണവിപണിയുടെ രീതികളിൽ പ്രകടമായ മാറ്റമാണുണ്ടായിരിക്കുന്നത്. പുതിയ സ്വർണം വാങ്ങുന്നതിന് പകരം പഴയ സ്വർണം മാറ്റിവാങ്ങുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. വിവാഹാവശ്യങ്ങൾക്ക് പോലും നേരത്തെ വാങ്ങി വെച്ച സ്വർണം ഉപയോഗിക്കുകയോ പഴയവ മാറ്റി പുതിയവ വാങ്ങുകയോ ചെയ്യുന്ന രീതിയാണ് പലരും പിൻതുടരുന്നത്. വളരെ നേരിയ അളവിൽ മാത്രം പുതിയ സ്വർണം വാങ്ങുന്നവരും, താഴ്ന്ന കാരറ്റിലുള്ള ലൈറ്റ് വെയ്റ്റ് ആഭരണങ്ങൾ തിരഞ്ഞെടുക്കുന്നവരും നിരവധിയാണ്.
ആഗോള വിപണിയിലെ വില മാത്രം നോക്കിയല്ല കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. ആഗോള വിപണിവില, മുംബൈ വിപണിയിലെ വില, ഡോളർ-രൂപ വിനിമയ നിരക്ക് എന്നിവയെല്ലാം വിലയിരുത്തി ജ്വല്ലറി വ്യാപാരികളുടെ സംഘടനയാണ് ദിവസേന വില നിശ്ചയിക്കുന്നത്. അമേരിക്കയിലെ പണപ്പെരുപ്പവും ആഗോള സാമ്പത്തിക സാഹചര്യങ്ങളുമാണ് ഡോളറിന്റെ മൂല്യവ്യത്യാസത്തെ സ്വാധീനിക്കുന്നത്
ഇന്നത്തെ വിപണി വിവരങ്ങൾ പ്രകാരം ഡോളർ സൂചിക 98.73 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 95.26 ആയും ക്രൂഡ് ഓയിൽ വില ഒരു ബാരലിന് 101 ഡോളറായും രേഖപ്പെടുത്തി. കൂടാതെ, ആഗോള വിപണിയിൽ സ്വർണവില ഔൺസിന് 4408 ഡോളറിലെത്തിയിട്ടുണ്ട്.
വിലയും പണിക്കൂലിയും നികുതിയും ഉൾപ്പെടെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങുന്നയാൾക്ക് ഇന്ന് ഏകദേശം 1.23 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കാവുന്നതാണ്.