‘തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കണം’; ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കാൻ രാഷ്ട്രീയ പാർട്ടികളെ ബാധ്യസ്ഥരാക്കണമെന്നും പ്രകടനപത്രികകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാൽപ്പര്യ ഹരജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് 2022-ൽ നൽകിയ ഈ പൊതുതാൽപ്പര്യ ഹരജി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുമ്പാകെ അവതരിപ്പിച്ചത്. ഹരജി പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യണമെന്ന അശ്വിനി കുമാറിന്റെ അഭ്യർത്ഥന ചീഫ് ജസ്റ്റിസ് അംഗീകരിക്കുകയായിരുന്നു. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ രാഷ്ട്രീയ പാർട്ടികളെ നിയമപരമായി ബാധ്യസ്ഥരാക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം.

തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്ന രാഷ്ട്രീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം അസാധുവാക്കണമെന്നും, അവരുടെ രജിസ്ട്രേഷനോ അംഗീകാരമോ റദ്ദാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാരോ തെരഞ്ഞെടുപ്പ് കമ്മീഷനോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഹരജി ചൂണ്ടിക്കാട്ടുന്നു.

ഒരു രാഷ്ട്രീയ പാർട്ടിയുടെ വിഷൻ ഡോക്യുമെന്റ് കൂടിയാണ് പ്രകടനപത്രികയെന്നും, തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അതിൽ ഉൾക്കൊള്ളിക്കുന്നതെന്നും അതിനാൽ അത് നടപ്പിലാക്കാൻ പാർട്ടികൾ നിയമപരമായി ബാധ്യസ്ഥരാണെന്നും ഹരജിയിൽ പറയുന്നു. കൂടാതെ, സാമ്പത്തിക പ്രതിസന്ധിയുള്ള ഘട്ടങ്ങളിൽ സംസ്ഥാനത്തിന്റെ പൊതുഖജനാവിന് അധിക ബാധ്യതയുണ്ടാക്കുന്ന തരത്തിലുള്ള അതിശയോക്തിപരമായ വാഗ്ദാനങ്ങൾ നൽകുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ വിട്ടുനിൽക്കണമെന്നും ഹരജിയിൽ പ്രത്യേകം ആവശ്യപ്പെടുന്നുണ്ട്.