കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്

കർണാടകയിലെ ബെല്ലാവിയിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു. രണ്ട് പേർക്ക് പരിക്കുകളോടെ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സോങ്കൽ ഗല്ലി പ്രദേശത്ത് തിങ്കളാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഗണേശ ചതുർത്ഥി ആഘോഷങ്ങൾക്കിടയിലായിരുന്നു അപകടം.
വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പെട്ടെന്ന് തീ പടരുകയായിരുന്നു. വീടിനുള്ളിൽ കുടുങ്ങിപ്പോയവർക്ക് രക്ഷപ്പെടാൻ അവസരം ലഭിച്ചില്ല. ഗജാനൻ ദാമോനെ (65), ശാരദ ദാമോനെ (45), ഭാരതി ദാമോനെ (50), റോഷൻ ദാമോനെ (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രിയ ദാമോനെ (28), ഗംഗ ദാമോനെ (25) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.