ഹവാല ഇടപാടുകൾക്കായി 16 അംഗങ്ങളുള്ള ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. മുൻ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഈ ഗ്രൂപ്പിൽ സജീവമായിരുന്നു. ഗ്രൂപ്പിലെ ഒരു നമ്പർ ‘മിനിസ്റ്റർ റിയാസ്’ എന്ന പേരിലാണ് സേവ് ചെയ്തിരിക്കുന്നത്. ഇതിനുപുറമെ, ഹവാല ഇടപാടുകാരനാണെന്ന് സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഈ ഗ്രൂപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഈ വഴിവിട്ട ഇടപാടുകളിൽ കൂട്ടാളികളായെന്നാണ് കത്തിൽ പറയുന്നത്.
2024 മേയ് മാസത്തിലടക്കം വീണയും റിയാസും ഒരുമിച്ച് ദുബായിലേക്ക് യാത്ര നടത്തിയത് കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായാണെന്ന് ഇ.ഡി ചൂണ്ടിക്കാണിക്കുന്നു. വീണയ്ക്ക് ദുബായിൽ വസ്ത്രവ്യാപാരം നടത്താനെന്ന പേരിൽ ബിനാമി കമ്പനി സ്ഥാപിക്കുകയായിരുന്നു ഈ യാത്രയുടെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ പിണറായി വിജയനൊപ്പം വീണ താമസിച്ചിരുന്ന വാടകവീട്ടിൽ മേയ് 27-ന് നടത്തിയ റെയ്ഡിലാണ് നിർണായക രേഖകൾ പിടിച്ചെടുത്തത്. ഈ കുറിപ്പുകൾ താൻ തന്നെ എഴുതിയതാണെന്ന് വീണ സമ്മതിച്ചിട്ടുണ്ടെന്നും, അതിന്റെ പകർപ്പുകൾ അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ കത്തിലുണ്ടെന്നും ഇ.ഡി വ്യക്തമാക്കി.