വീട് നിര്‍മ്മാണം അടക്കം മുടങ്ങും, ഭായിമാര്‍ കൂലി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി പുതിയ പ്രതിസന്ധി

വീട് നിര്‍മ്മാണം അടക്കം മുടങ്ങും, ഭായിമാര്‍ കൂലി വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ഇരുട്ടടിയായി പുതിയ പ്രതിസന്ധി

അന്യസംസ്ഥാന തൊഴിലാളികളുടെ കൂലി വർദ്ധനവിന് പിന്നാലെ നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന കെട്ടിട നിർമ്മാണ മേഖലയെ പ്രതിസന്ധിയിലാക്കി.

അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും തമിഴ്നാട്ടില്‍ നിന്നുള്ള നിർമ്മാണസാമഗ്രികളുടെ വരവ് കുറഞ്ഞതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. വീട് നിർമ്മാണമടക്കം സാധാരണക്കാരന്റെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ് നിലവിലെ വിലകയറ്റം. ലോറി വാടകയും യാത്രാചെലവുകളും വർദ്ധിച്ചത് വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. ഒരു ലോഡ് പാറയ്ക്ക് 9000 രൂപ ഇപ്പോള്‍ നല്‍കണം. ഗതാഗത ചെലവും കൂട്ടിയാല്‍ പതിനായിരം കടക്കും. മുമ്പ് 7000 രൂപയായിരുന്നത് കുറച്ച്‌ ദിവസങ്ങള്‍ക്കൊണ്ടാണ് വർദ്ധിച്ചത്. ജില്ലയില്‍ സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളടക്കം മന്ദഗതിയിലാണ്. പാലം, റോഡ്, കെട്ടിട സമുച്ചയങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. ഇരുപത് ശതമാനത്തിലധികമാണ് സാധനങ്ങള്‍ക്ക് വില കൂടിയത്.

നിലവിലെ വില :

(ഒരു ക്യുബിക് അടിയില്‍)

എം സാന്റ് : ₹ 64.05

പി.സാന്റ് : ₹ 72.45

മെറ്റല്‍ : ₹ 60.90

ഒരുലോഡ് പാറ : ₹ 9000

സിമന്റ് : ₹ 360

കമ്പി (കിലോ : ₹ 65 - 70

സർക്കാർ വില നിന്ത്രണത്തില്‍ എത്രയും വേഗം ഇടപെടണം. നിർമ്മാണ സാമഗ്രികള്‍ക്ക് സബ്സിഡി ഏർപ്പെടുത്തുകയോ വിപണിയില്‍ വില നിയന്ത്രിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയോ വേണം. സാധാരണക്കാരന് ഒരു വീട് വയ്ക്കാൻ പറ്റാത്ത സാഹചര്യമാണ്.

റോബിൻ,

കോണ്‍ട്രാക്ടർ