*കരുതലിന്റെ കൈത്താങ്ങായി ജനപ്രിയ പ്രിയദർശിനി യാത്ര നൂറാം ദിവസത്തിലേക്ക്*

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ജനപ്രിയ പ്രിയദർശിനി യാത്രാ പദ്ധതി സെപ്റ്റംബർ 22 ചൊവ്വാഴ്ച നൂറ് ദിവസം പൂർത്തിയാക്കുകയാണ്.

സ്ത്രീകളുടെ യാത്രാ ചെലവിന്റെ ഭാരം കുറയ്ക്കുന്നതിനൊപ്പം പൊതുഗതാഗത സംവിധാനത്തിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2026 ജൂൺ 15ന് പ്രിയദർശിനി യാത്രാ പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ പൊതുഗതാഗത രംഗത്ത് ശ്രദ്ധേയമായ മാറ്റങ്ങൾക്കാണ് പദ്ധതി വഴിയൊരുക്കിയിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കിയതോടെ കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 60 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. പ്രിയദർശിനി യാത്രാ സൗകര്യം കൂടുതൽ സ്ത്രീകൾ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നതിന് പ്രേരണയായി.

ദൈനംദിന യാത്രയ്ക്കായി കെ.എസ്.ആർ.ടി.സി.യെ ആശ്രയിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക ആശ്വാസം നൽകുന്നതിനൊപ്പം വിദ്യാഭ്യാസം, തൊഴിൽ, ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പദ്ധതി വലിയ പിന്തുണയായി മാറിയിട്ടുണ്ട്.

സ്ത്രീകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും ചെലവുകുറഞ്ഞതുമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണത്തിന് കരുത്തേകുക എന്ന ലക്ഷ്യത്തിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ പ്രധാന ചുവടുവയ്പ്പുകളിലൊന്നാണ് പ്രിയദർശിനി യാത്ര.

പദ്ധതി നൂറാം ദിനം പിന്നിടുമ്പോൾ, കൂടുതൽ സ്ത്രീകളെ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാക്കുന്നതിനും കെ.എസ്.ആർ.ടി.സി.യുടെ സേവനങ്ങൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.