ഒരു ജാതി, ഒരു മതം. ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം മാനവര്‍ക്ക് നല്‍കിയ ശ്രീനാരായണ ഗുരുദേവൻ്റെ മഹാസമാധി ദിനം

കേരളത്തെ അറിവിന്റെയും നന്മയുടെയും പാതയിലേക്ക് നയിച്ച പരമഗുരു ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് മഹാസമാധി ദിനം.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന അവിടുത്തെ മഹത്തായ വചനം വെറും വാക്കുകളല്ല, മറിച്ച് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ പ്രഖ്യാപനമായിരുന്നു. ഭൗതികശരീരം വെടിഞ്ഞെങ്കിലും, ആത്മീയ പ്രകാശമായി ഇന്നും നമ്മുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആ ദിവ്യചൈതന്യത്തിന്റെ പവിത്രമായ സ്മരണകൾക്ക് മുന്നിൽ പ്രണാമം..


അനേകഗിരിസംഭൂതാ
നിമ്‌നഗേവ മഹോദധിം
ഏകെ സനാതനം വസ്‌തു
പ്രാപ്യ വിശ്രാമൃതി സ്വയം

പല മലകളിൽ നിന്നുമായി ഉദ്‌ഭവിക്കുന്ന നദി മഹാസമുദ്രത്തെ പ്രാപിച്ചു വിലയം കൊളളുന്നപോലെ എല്ലാ മതങ്ങളും ഏകവും സനാതനവുമായ വസ്‌തുവിൽ എത്തി വിലയിക്കുന്നു

ശ്രീനാരായണഗുരുദേവൻ മലയാളവർഷം 1104 കന്നി 5 - ആം തീയതി ശിവഗിരിയിൽ വച്ചു സമാധിയടഞ്ഞു . എസ്.എൻ.ഡി.പി യോഗത്തിന്റെ ഒരു വിശേഷാൽ പൊതുയോഗം 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടി . ഗുരുദേവൻ പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ് അതായിരുന്നു . കോട്ടയത്തു നിന്നും ഗുരുദേവൻ പോയത് വൈക്കത്തേക്കാണ് . അവിടെ വെല്ലൂർ മഠത്തിലായിരുന്നു വിശ്രമം . അവിടെ വെച്ച് മൂത്രം പോകാനായി കൂടുതൽ സമയം എടുക്കുന്നു എന്ന് ശിഷ്യൻമാരിലൊരാളോട് പറഞ്ഞത്.ആന്ത്രരോഗത്തിന്റെ ശല്യം നേരത്തെ ഗുരുദേവനെ അലട്ടിയിരുന്നു . ആന്ത്രം കീഴോട്ടിറങ്ങാതിരിക്കാനായി ഒരു തരം ബെൽട്ട് അദ്ദേഹം ഉപയോഗിച്ചിരുന്നു . മൂത്രതടസ്സം അതുകൊണ്ടായിരിക്കും എന്നു കരുതി . എന്നാൽ മൂത്രതടസ്സം പ്രോസ്റ്റേറ്റ് ഗ്ലാൻഡ്വളരുന്നതുകൊണ്ടാണ് എന്നു മനസ്സിലായി . കൂട്ടത്തിൽ ഒരു അജീർണ്ണവും പിടിപെട്ടു . മൂത്രവസ്തി ഉപയോഗിച്ച് മൂത്രം എടുത്തപ്പോൾ മാത്രമേ അദ്ദേഹത്തിൻ അല്പം ആശ്വാസം അനുഭവപ്പെട്ടുള്ളു . ഈ രോഗം അദ്ദേഹത്തിനു കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു . പ്രശസ്തരായ പല ഭിഷഗ്വരൻമാരും ചികിത്സിച്ചിട്ടും ചെറിയ കുറവുകൾ കണ്ടു എന്നല്ലാതെ പൂർണ്ണരോഗശമനം ഉണ്ടായില്ല . അങ്ങനെ കന്നി അഞ്ചാം തീയതി പുലർന്നു . ഉച്ചയായപ്പോഴേക്കും മഴ ശമിച്ച് മാനം തെളിഞ്ഞു . ഉച്ചകഴിഞ്ഞ് ഗുരുദേവ ശിഷ്യനായ മാമ്പലം വിദ്യാനന്ദ സ്വാമികൾ ഗുരുദേവനു മുന്നിൽ യോഗവാസിഷ്ഠം ജീവിൻമുക്തിപ്രകരണം വായിച്ചുകൊണ്ടിരുന്നു . ഏതാണ്ട് മൂന്നുമണിയായപ്പോൾ നമുക്ക് നല്ല ശാന്തിതോന്നുന്നു എന്ന് പറഞ്ഞു ഗുരുദേവൻ കിടക്കയിൽ എഴുന്നേറ്റിരിക്കുവാനായി ഒരുങ്ങി . ശരീരം പത്മാസനത്തിൽഈ സമയം ചുറ്റുമുണ്ടായിരുന്ന ശിഷ്യൻമാർ ഗുരുദേവൻ തന്നെ രചിച്ച ദൈവദശകം ആലപിക്കുവാൻ തുടങ്ങി . ദൈവമേ കാത്തുകൊൾകങ്ങ് കൈവിടാതിങ്ങു ഞങ്ങളേ .... പ്രകൃതിപോലും അപ്പോൾ ധ്യാനത്തിലായെന്നപോലെ തോന്നി . ആഴമേറും നിൻ മഹസ്സാ മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം . എന്ന അവസാന വരികൾ ചൊല്ലിക്കൊണ്ടിരിക്കുമ്പോൾ ഗുരുദേവന്റെ കണ്ണുകൾ സാവധാനം അടഞ്ഞു . അദ്ദേഹം മഹാസമാധിയായി .
ശ്രീനാരായണ ഗുരുദേവൻ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്‍റെ പ്രവാചകനായിരുന്നു. കേരളത്തില്‍ ജനിച്ച്‌, വേദാന്തത്തിന്‍റെ അവസാന പടവിലെത്തി, അപരിമേയമായ സത്യത്തിന്‍റെ സാക്ഷാത്‌കാരം സിദ്ധിച്ച ശ്രീനാരായണ ഗുരുദേവൻ തന്‍റെ സഹ ജീവികളോടുളള മാനുഷിക കടമ ഒരു സാമൂഹിക പരിഷ്‌കര്‍ത്താവെന്ന നിലയിലാണ്‌ നിര്‍വ്വഹിച്ചത്‌. വിദ്യ കൊണ്ട്‌ പ്രബുദ്ധരാകാനും കര്‍മ്മം കൊണ്ട്‌ അഭിവൃദ്ധിനേടാനും സംഘടന കൊണ്ട്‌ ശക്തരാകാനും ഗുരുദേവന്‍ ആഹ്വാനം നല്‍കി. അദ്വൈതം ജീവിത മതമായി സ്വീകരിച്ച ശ്രീനാരായണ ഗുരുദേവൻ ,അതെങ്ങനെ പ്രായോഗിക ജീവിതത്തില്‍ പകര്‍ത്തണമെന്ന്‌ ജീവിച്ച്‌ ബോദ്ധ്യപ്പെടുത്തി. 

പാറപോലുളള ആ വിശ്വാസത്തിനുമേല്‍ ഒരു സമൂഹത്തെ മുഴുവന്‍ കെട്ടുറപ്പോടെ പുനര്‍ നിര്‍മ്മിക്കുകയും ചെയ്‌തു. അങ്ങിനെ കാലചക്രം ബഹുദൂരം ഉരുളുമ്പോള്‍ മാത്രം സംഭവിക്കുന്ന യുഗപ്രഭാവമായിത്തീര്‍ന്ന മഹാഗുരുവിൻ്റെ സമാധി ദിനം ലോകമെമ്പാടും പ്രാർത്ഥനാനിരതമായി ആചരിക്കുകയാണ്. ഗുരുദേവൻ നമ്മുടെ പൊതു സമൂഹത്തിൽ നിന്നും തുടച്ചു മാറ്റിയ ആചാരങ്ങളും വിവേചനങ്ങളുമൊക്കെ അതിൻ്റെ ആധുനിക രൂപത്തിൽ നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളിൽ വീണ്ടും നിറയുമ്പോൾ അതിനെ ചെറുത്തു തോല്പിക്കേണ്ട ഉത്തരവാദിത്വം ഓരോ ശ്രീ നാരായണീയനുമുണ്ട്. അത്തരമൊരു പ്രതിജ്ഞ ആവട്ടെ ഈ മഹാസമാധി ദിനത്തിൽ ഗുരുദേവന് മുമ്പിൽ നമ്മൾ സമർപ്പിക്കുന്ന ഗുരുപൂജ.

"ആഴമേറും നിൻ മഹസ്സാ മാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം"
Media16 news