ട്രെയിനിന്റെ വാതിൽപടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അപകടം; ട്രാക്കിലേക്ക് വീണ് 18-കാരന് ദാരുണാന്ത്യം

ട്രെയിനിന്റെ വാതിൽപ്പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ താഴേക്കു വീണ് പതിനെട്ടുകാരന് ദാരുണാന്ത്യം. കൊല്ലം പുല്ലാമല സ്വദേശി രാഹുലാണ് മരിച്ചത്. കൊച്ചി പൊന്നുരുന്നിക്കു സമീപം റെയിൽവേ ട്രാക്കിനരികിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന മലബാർ എക്സ‌പ്രസിലെ യാത്രക്കാരനായിരുന്നു രാഹുൽ. അതിവേഗത്തിൽ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ അബദ്ധത്തിൽ താഴേക്കു വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് രാഹുലിനെ കാണാനില്ലെന്ന വിവരം കൂടെയുണ്ടായിരുന്ന സുഹൃത്ത് അറിയുന്നത്. തുടർന്ന് സുഹൃത്ത് കായംകുളം റെയിൽവേ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. റെയിൽവേ പൊലീസ് മറ്റു സ്‌റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി തിരച്ചിൽ നടത്തുന്നതിനിടെയാണ് പൊന്നുരുന്നി ഭാഗത്ത് ട്രാക്കിനു സമീപം മൃതദേഹം കിടക്കുന്നതായി നാട്ടുകാർ പൊലീസിനെ അറിയിച്ചത്.
സംഭവ സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ബന്ധുക്കൾ എത്തിയ ശേഷം പോസ്‌റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുനൽകും. സംഭവത്തിൽ കടവന്ത്ര പൊലീസും റെയിൽവേ പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.