പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ അനില തോമസിന്റേതാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ. ബുധനാഴ്ച പുലർച്ചെ അപാർട്മെന്റ് കോമ്പൗണ്ടിലെത്തിയ അനില, കാറിനടുത്തേക്ക് നടന്ന് വരികയും കൈകൂപ്പി പ്രാർഥിച്ച ശേഷം കാറിനുള്ളിലേക്ക് കയറുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അതിന് ശേഷം അവർ പുറത്തേക്ക് വന്നതായി കണ്ടെത്തിയിട്ടില്ല.
വ്യാഴാഴ്ച ഫ്ലാറ്റിലെ കുട്ടികൾ കളിക്കുന്നതിനിടെ രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ പിൻസീറ്റിൽ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്ന് മാസമായി ആലുവ ചൂർണിക്കരയിലെ ഫ്ലാറ്റിൽ അനില ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞതിനെ തുടർന്ന് റീടെസ്റ്റിനായി മറ്റൊരു താമസക്കാരൻ ഫ്ലാറ്റ് കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്.കാറിന്റെ ഉടമയ്ക്കും അനിലയ്ക്കും തമ്മിൽ പരിചയമൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, പോസ്റ്റ്മോർട്ടത്തിൽ അനിലയ്ക്ക് ഗുരുതരമായ ഹൃദ്രോഗവും ആന്തരികാവയവങ്ങൾക്ക് വലിയ തോതിലുള്ള തകരാറുകളും ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തെ കരൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു. ശരീരത്തിൽ ആക്രമണത്തിന്റെയോ മറ്റ് അസ്വാഭാവികതകളുടെയോ പ്രാഥമിക സൂചനകൾ കണ്ടെത്തിയിട്ടില്ല..
അയൽക്കാരുമായി അധികം ഇടപഴകാത്ത സ്വഭാവക്കാരിയായിരുന്നു അനിലയെന്ന് സമീപവാസികൾ പറയുന്നു. വളർത്തുനായയ്ക്കൊപ്പം നടക്കാൻ പോകാറുണ്ടായിരുന്ന അനില, താൻ ക്യാൻസർ ചികിത്സയിലായിരുന്നുവെന്നും മുൻപ് തിരുവനന്തപുരത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്തിരുന്നുവെന്നും സമീപവാസികളോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.