തോന്നയ്ക്കലിൽ കോളേജ് വിദ്യാർത്ഥിയെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു.

തോന്നയ്ക്കലിൽ കോളേജ് വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. തോന്നയ്ക്കൽ മങ്ങാട്ടുമൂല രതീഷ് ഭവനിൽ ശോഭക് എന്ന ശ്രീകുട്ടനെയാണ് (22) പോലീസ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. കൃത്യം നടന്ന സംഭവസ്ഥലത്ത് ഇന്ന് ഒന്നാം പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

തോന്നയ്ക്കൽ ശ്രീ സത്യസായി കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിയും കഴക്കൂട്ടം സ്വദേശിയുമായ വിഘ്നേഷിനാണ് ക്രൂരമർദ്ദനമേറ്റത്. കോളേജിലെ പെൺകുട്ടികളെ ശല്യം ചെയ്തു എന്ന് ആരോപിച്ചായിരുന്നു പ്രതികൾ വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചത് എന്നാണ് വിവരം.

മങ്ങാട്ടുമൂല ജംഗ്ഷനിൽ മാവേലി സ്റ്റോറിന് (സപ്ലൈകോ) സമീപം വെച്ചാണ് ശോഭക്കും പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതിയും ചേർന്ന് വിഘ്നേഷിനെ മർദ്ദിച്ചത്. വെട്ടുകത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിയെ സമീപവാസികളും സഹപാഠികളും ചേർന്നാണ് ഉടൻ തന്നെ ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം കൂടുതൽ പരിശോധനകൾക്കായി പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പ്രതിയായ ശോഭക്കിനെ കൃത്യം നടന്ന മങ്ങാട്ടുമൂല ജംഗ്ഷനിൽ എത്തിച്ചാണ് പോലീസ് തെളിവെടുപ്പ് നടത്തിയത്.
 മങ്ങാട്ടുമൂല മാടൻകാവിന് സമീപത്തെ നദിക്കരയിൽ നിന്നാണ് ആക്രമണത്തിന് ഉപയോഗിച്ച രണ്ട് വെട്ടുകത്തികൾ പോലീസ് കണ്ടെടുത്തത്. ഫോറൻസിക്, സയന്റിഫിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ തെളിവുകൾ ശേഖരിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ നാട്ടുകാരിൽ ചിലർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളും പോലീസിന്റെ അന്വേഷണത്തിൽ നിർണ്ണായക തെളിവായി മാറി.

ആറ്റിങ്ങൽ എസ്.എച്ച്.ഒ ശ്രീജേഷ് വി.കെ, എസ്.ഐ നിജിൻ പോൾ, എ.എസ്.ഐമാരായ ജ്യോതിഷ് കുമാർ, മുരളി, പ്രേംകുമാർ പോലീസ് ഉദ്യോഗസ്ഥരായ സന്തോഷ്, മഹേഷ്, ഷജീർ, അനന്തു, അഭിലാഷ്, അഭിജിത്ത്, ദീപുകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസിന്റെ അന്വേഷണവും തെളിവെടുപ്പും നടന്നത്.