*സ്വകാര്യ ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി എംവിഡി*

കൊച്ചി: സ്വകാര്യബസ് ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കുന്നതിനായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി) നിർബന്ധമാക്കി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാരോടുള്ള മോശം പെരുമാറ്റം, റോഡ് നിയമലംഘനം, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ പരാതികൾ വർധിച്ചതിനെ തുടർന്നാണ് നടപടി. പിസിസി ഇല്ലാത്ത ജീവനക്കാരെ ബസിൽ ജോലിക്ക് നിയോഗിച്ചാൽ ബസ് ഉടമകൾക്കെതിരെയും നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവർക്ക് 7500 രൂപ വരെ പിഴ ചുമത്തുന്നതിനൊപ്പം ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് എംവിഡി അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നിരവധി സ്വകാര്യബസ് ജീവനക്കാരുടെ ലൈസൻസ് എംവിഡി റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ അമിതവേഗം, അശ്രദ്ധമായ ഡ്രൈവിങ്, യാത്രക്കാരോടും കാൽനട യാത്രക്കാരോടുമുള്ള മോശം പെരുമാറ്റം, റോഡിലെ നിയമ ലംഘനങ്ങൾ തുടങ്ങിയ പരാതികളാണ് എംവിഡിയുടെ ഇടപെടലിന് കാരണം. ചില ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നതായും ചിലർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ മുൻകാല വിവരങ്ങൾ പരിശോധിച്ച് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പിസിസി നിർബന്ധമാക്കുന്നത്.