തലസ്ഥാന നഗരിയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമായി ഇന്ത്യയിലെ ഏറ്റവും അത്യാധുനിക മെട്രോ റെയില്‍ പദ്ധതി വരുന്നു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കി നല്‍കിയ തിരുവനന്തപുരം മെട്രോയുടെ പുതുക്കിയ പദ്ധതി രൂപരേഖ സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിഭാവനം ചെയ്ത ഈ ബൃഹത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തിരുവനന്തപുരത്തിന്റെ മുഖച്ഛായ തന്നെ മാറും.
ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൂരത്തിലാണ് മെട്രോ പാത നിര്‍മ്മിക്കുന്നത്. പാപ്പനംകോട്ടുനിന്ന് ആരംഭിക്കുന്ന പാത കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളേജ്, ഉള്ളൂര്‍, കാര്യവട്ടം വഴി കഴക്കൂട്ടത്തെത്തും. അവിടെനിന്ന് ടെക്‌നോപാര്‍ക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈന്‍മെന്റ് ക്രമീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന ഐടി ഹബ്ബായ ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ റെയില്‍വേ-ബസ് സ്റ്റേഷനുകള്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. പൂര്‍ണ്ണമായും റോഡിന് മുകളിലൂടെയുള്ള (എലിവേറ്റഡ്) നിര്‍മ്മാണമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ആദ്യഘട്ട നിര്‍മ്മാണത്തിനായി 8,000 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നതെങ്കിലും നിര്‍മ്മാണച്ചെലവ് ഇതിലും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും. അതേസമയം തലസ്ഥാനത്തെ മെട്രോ വിശേഷങ്ങള്‍ക്കൊപ്പം കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ടത്തിന്റെ രൂപരേഖയും കെഎംആര്‍എല്‍ സര്‍ക്കാരിന് കൈമാറി.
ആലുവയില്‍ നിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയും (അണ്ടര്‍ഗ്രൗണ്ട്) പാത നിര്‍മ്മിച്ച് അങ്കമാലിയിലേക്ക് നീട്ടാനാണ് പദ്ധതി. 15 സ്റ്റേഷനുകളാണ് ഈ റൂട്ടില്‍ വരുന്നത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്ഷന്‍, എല്‍.എഫ്. ഹോസ്പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ്.
മെട്രോ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ കണക്കുകൂട്ടുന്നത്.