ബജിക്കൊപ്പം സോസ് കുറഞ്ഞു ; വർക്കലകാപ്പിൽ ബീച്ചിൽ ചായക്കടക്കാരനെ ആക്രമിച്ച 3 കൊല്ലം സ്വദേശികൾ അറസ്റ്റിൽ

ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ ചായക്കടക്കാരനെ ക്രൂരമായി മർദിച്ച മൂന്ന് യുവാക്കൾ അറസ്റ്റിൽ. തിരുവനന്തപുരം വർക്കല കാപ്പിൽ ബീച്ചിലാണ് സംഭവം. കൊല്ലം സ്വദേശികളായ അലക്സാണ്ടർ (29), ഇരവിപുരം സ്വദേശി ഫിനോൾഡ് (24), മയ്യനാട് സ്വദേശി ജോബിൻ എന്നിവരാണ് അറസ്റ്റിലായത്.
വർക്കല സ്വദേശിയായ അഫ്സലിനും സഹോദരിക്കുമാണ് മർദനമേറ്റത്. ബജിക്കൊപ്പം നൽകിയ സോസ് കുറഞ്ഞതുമായി ബന്ധപ്പെട്ട് അഫ്സലും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടർന്ന് യുവാക്കൾ അഫ്സലിനെ മർദിക്കുകയായിരുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവ. കാപ്പിൽ ബീച്ചിൽ കുടുംബസമേതം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു യുവാക്കൾ. ഇതിനിടെ അഫ്‌സലിന്റെ കടയിലെത്തി ബജി കഴിച്ചു. കുറച്ചുകഴിഞ്ഞ് വീണ്ടും സോസ് വേണമെന്ന് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെയാണ് ആക്രമണം നടത്തിയത്.
കാറ്റാടിക്കഴ കൊണ്ടുള്ള ആക്രമണത്തിൽ അഫ്സലിന്റെ തലയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേരെയും നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപ്പിച്ചു. യുവാക്കൾ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം.