അതിവേഗം 300 കോടി കടന്ന് 'ബെത്‍ലഹേം കുടുംബ യൂണിറ്റ്; 'ലോക'യ്ക്ക് പിന്നാലെ എലൈറ്റ് ക്ലബ്ബിലേക്ക് ആദ്യ എന്‍ട്രി

മാസങ്ങൾക്ക് മുൻപ് സർവം മായയിലൂടെ 100കോടി ക്ലബ്ബിൽ ഇടം പിടിച്ച നിവിൻ പോളി ഇപ്പോഴിതാ തിയറ്ററുകളിൽ കുതിപ്പ് തുടരുന്ന ബെത്‍ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ രണ്ടാമത്തെ 300 കോടി ക്ലബ്ബ് ചിത്രമായിരിക്കുകയാണ് ഇതോടെ ബെത്‍ലഹേം.

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റര്‍ 1 ചന്ദ്രയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയ മലയാള ചിത്രം. എന്നാല്‍ ലോകയെ അപേക്ഷിച്ച് അതിവേഗമായിരുന്നു ബെത്‍ലഹേമിന്‍റെ ബോക്സ് ഓഫീസ് കുതിപ്പ്. ലോകയുടെ ലൈഫ് ടൈം കളക്ഷന്‍ 302- 304 കോടി റേഞ്ചില്‍ ആയിരുന്നുവെങ്കില്‍ ബെത്‍ലഹേം 300 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത് വെറും 23 ദിവസം കൊണ്ടാണ്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ഫൈനല്‍ ഗ്രോസ് നിലവില്‍ പ്രെഡിക്റ്റ് ചെയ്യാന്‍ സാധിക്കില്ല.

ചെന്നൈയിലും ഹൈദരാബാദിലുമൊക്കെ ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക് പതിപ്പുകള്‍ക്ക് ഇന്നും ഫാസ്റ്റ് ഫില്ലിംഗ് ഷോസ് ഉണ്ട്. വാഴ 2 നെ മറികടന്ന് കഴിഞ്ഞ ദിവസം തന്നെ ചിത്രം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മലയാള ചിത്രമായി മാറിയിരുന്നു. ഗിരീഷ് എ ഡിയുടെയും ഭാവന സ്റ്റുഡിയോസിന്‍റെയും നിവിന്‍ പോളിയുടെയും ഫിലിമോഗ്രഫിയിലെ ഏറ്റവും വലിയ പണംവാരിപ്പടമാണ് ബെത്‍ലഹേം കുടുംബ യൂണിറ്റ്.