തിരുവനന്തപുരം: ആര്യനാട് കുളപ്പട വാലൂക്കോണം കോലിക്കോട് ഭാഗത്ത് യുവാവിനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുളപ്പട കാവുവിള മൊണ്ടിയോട് രാഹുൽ ഭവനിൽ രാഹുൽ (29) ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായിരുന്നു.
പോലീസിന്റെ പ്രാഥമിക പരിശോധനയിൽ രാഹുലിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തി. മൃതദേഹത്തിന് സമീപത്തായി റബ്ബർ തടിക്കഷണവും കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് മരണത്തിൽ ദുരൂഹത ഉയർന്നത്.
ഒരു സുഹൃത്തിനെ കാണുന്നതിനായാണ് രാഹുൽ സംഭവസ്ഥലത്ത് എത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. രാഹുൽ ഈ പ്രദേശത്ത് സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഇന്നലെ രാത്രിയിൽ പോലീസ് പിടികൂടിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും . പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തിന്റെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പോലീസ് അറിയിച്ചു.